വീട് നിർമിക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്ന്; സി.പി.എം ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ സമരം

മലപ്പുറം: വീട് നിർമിക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ സമരം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരം നടത്തിയത്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് റിയാസ് സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.

കൊടിഞ്ഞിയിൽ അഞ്ച് വർഷം മുമ്പ് വാങ്ങിയ തങ്ങളുടെ സ്ഥലത്ത് വീട് വെക്കാൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പട്ടേരിക്കുന്നത്ത് സുബൈർ അനുവദിക്കുന്നില്ലെന്ന് റിയാസ് പറയുന്നു. വീട് നിർമാണത്തിന് തറ കെട്ടിയത് രാത്രി ഒരു സംഘം പൊളിച്ചു. ഇതേക്കുറിച്ച് സി.പി.എം നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്നും സി.സി.ടി.വി ദൃശ്യങ്ങളുണ്ടെന്നും റിയാസ് പറയുന്നു. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

സമരം തുടർന്നതോടെ സി.പി.എം ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി. ശശികുമാർ കുടുംബത്തെ ഓഫീസിലേക്ക് വിളിച്ച് ചർച്ച നടത്തി. എന്താണ് സംഭവമെന്ന് അന്വേഷിക്കാമെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചതോടെ കുടുംബം സമരം അവസാനിപ്പിക്കുകയും ചെയ്തു.

സമരത്തിന് പിന്നിൽ ആസൂത്രണമുണ്ടെന്നും പാർട്ടി നേതൃത്വത്തോട് നേരത്തെ ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ലെന്നും വി. ശശികുമാർ പറഞ്ഞു.

Tags:    
News Summary - Family's protest in front of CPIM district committee office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.