പ്രതീകാത്മക ചിത്രം

കോട്ട നിലനിര്‍ത്താന്‍ യു.ഡി.എഫ്; മാറ്റത്തിനായി എല്‍.ഡി.എഫ്

ചെറുകാവ്: രണ്ട് പതിറ്റാണ്ടായി തുടരുന്ന ഭരണം നിലനിർത്താൻ യു.ഡി.എഫും ഭരണനേതൃത്വത്തില്‍ മാറ്റം സാധ്യമാക്കാന്‍ എല്‍.ഡി.എഫും കച്ചകെട്ടിയിറങ്ങിയ ചെറുകാവ് പഞ്ചായത്തില്‍ തദ്ദേശപ്പോര് മുറുകുകയാണ്. വാര്‍ഡുകളുടെ എണ്ണം 19ല്‍ നിന്ന് 22 ആയി ഉയര്‍ന്ന പഞ്ചായത്തില്‍ ഇടത്, വലത് മുന്നണികള്‍ക്കൊപ്പം ബി.ജെ.പിയും മത്സര രംഗത്ത് സജീവമാണ്. നിലവില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് മുസ്‍ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണി ഭരണം തുടരുന്നത്. പ്രതിപക്ഷത്ത് മുഖ്യ കക്ഷിയായി സി.പി.എമ്മും ഒരു ബി.ജെ.പി അംഗവുമുണ്ട്. ലീഡുയര്‍ത്തി ഭരണത്തുടര്‍ച്ചക്കായി യു.ഡി.എഫ് കളം നിറയുമ്പോള്‍ ഇത്തവണ ഭരണമാറ്റം ഉറപ്പിച്ചാണ് എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം.

1963ല്‍ രൂപവത്കൃതമായ കാലം മുതല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തി കേന്ദ്രമായിരുന്നെങ്കിലും ഇടക്ക് ഇടതുപക്ഷത്തേയും നെഞ്ചേറ്റിയ ചരിത്രമാണ് ചെറുകാവിനുള്ളത്. 1963ല്‍ മുസ്‍ലിം ലീഗ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന പി.പി. അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഥമ പ്രസിഡന്റായ ഭരണ സമിതി അധികാരത്തിലേറി. 1977 വരെ ഈ ഭരണ സമിതി തുടര്‍ന്നു. 1977ല്‍ പഞ്ചായത്ത് വിഭജിച്ച് വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് രൂപവത്കരിച്ചപ്പോഴും അബ്ദുല്‍ ഗഫൂര്‍ മൗലവി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായി ഭരണത്തില്‍ തുടര്‍ന്നു. 1979ലെ പൊതു തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യ ലീഗുമായുണ്ടാക്കിയ സഖ്യത്തില്‍ സി.പി.എം അധികാരത്തിലെത്തി.

അഖിലേന്ത്യ ലീഗ് നേതാവും വൈസ് പ്രസിഡന്റുമായിരുന്ന പി.കെ. മൂസ മുസ്‍ലിം ലീഗില്‍ ചേര്‍ന്നതോടെ അവിശ്വാസത്തില്‍ ഇടതു ഭരണസമിതിക്ക് അധികാരം നഷ്ടമായി. പിന്നീട് യു.ഡി.ഫ് ഭരണസമിതി നിലവില്‍ വന്നു. 1995ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിക്കായിരുന്നു. 2000ലെ തെരഞ്ഞെടുപ്പോടെ പഞ്ചായത്തിലെ രാഷ്ട്രീയ ചിത്രം മാറി. 2000 മുതല്‍ ഇതുവരെ യു.ഡി.എഫ് മാത്രമാണ് ചെറുകാവില്‍ ഭരണത്തിലെത്തിയത്. ഇതിനിടയില്‍ 2005ല്‍ ഒരു വാര്‍ഡിലും 2015ല്‍ രണ്ട് വാര്‍ഡുകളിലും 2020ല്‍ ഒരു വാര്‍ഡിലും ബി.ജെ.പി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ ഭരണത്തില്‍ തുടരുന്ന യു.ഡി.എഫ് ഭരണ സമിതിക്ക് 10 അംഗങ്ങളാണുള്ളത്. ഏഴ് മുസ്‍ലിം ലീഗ് അംഗങ്ങളും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും. പ്രതിപക്ഷത്ത് സി.പി.എമ്മിന് സ്വതന്ത്രരുള്‍പ്പെടെ എട്ട് അംഗങ്ങളാണ്. ഒരു ബി.ജെ.പി അംഗവും. നേരിയ വ്യത്യാസം ഉയര്‍ന്ന ലീഡാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ കാലങ്ങളിലെ ഭരണനേട്ടങ്ങളാണ് ഇതിനായി യു.ഡി.എഫ് സ്ഥാനാര്‍ഥികളും നേതാക്കളും അക്കമിട്ട് നിരത്തുന്നത്.

യു.ഡി.എഫ് ഭരണസമിതിയുടെ വികസന നേട്ടങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ക്ക് മുറമെ മേല്‍ത്തട്ടിലെ ജനപ്രതിനിധികള്‍ എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി സാധ്യമാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഇതിനൊപ്പം കേന്ദ്ര, സസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജന വികാരവും വോട്ടായി മാറി ഇത്തവണ ഉയര്‍ന്ന ലീഡോടെ യു.ഡി.എഫ് അധികാരത്തില്‍ തുടരുമെന്നും യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് കണ്‍വീനര്‍ പി.വി.എ ജലീല്‍ പറഞ്ഞു.

അതേസമയം, അഴിമതി രഹിത ഭരണമാണ് എല്‍.ഡി.എഫ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനം. ഇക്കാലമത്രയും നടക്കാത്ത ചെറുകാവിന്റെ തനതായ വികസനം ഭാവനാപൂർണമായ പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കുമെന്നും പഞ്ചായത്ത് ഭരണം കൈയാളുന്ന യു.ഡി.എഫ് ഇക്കാര്യത്തില്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ സുശീല്‍ മാസ്റ്റര്‍ പറഞ്ഞു. പഞ്ചായത്തിലെ പൊതു സേവന കേന്ദ്രങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയും എല്‍.ഡി.എഫ് മുന്നോട്ടുവെക്കുന്നു.

പൊതു സ്ഥാലങ്ങള്‍ യഥേഷ്ടം ലഭ്യമായിട്ടും ഗ്രാമ പഞ്ചായത്തില്‍ ജനോപകാരപ്രദമായ സംവിധാനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഭരണസമിതി പരാജയമാണെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. യു.ഡി.എഫില്‍ 19 വാര്‍ഡുകളില്‍ ലീഗ് സ്ഥാനാര്‍ഥികളും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നു. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.സി. സിദ്ധു മത്സരിക്കുന്ന വാര്‍ഡ് മൂന്ന് കൊടപ്പുറത്ത് വനിത ലീഗ് നേതാവ് ഹഫ്‌സത്ത് വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. നേരത്തെ ലീഗ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് നല്‍കാന്‍ തയാറാകാത്തതിലെ പ്രതിഷേധവുമായാണ് ഹഫ്‌സത്ത് സ്ഥാനാര്‍ഥിയായി രംഗത്തു വന്നത്.

എല്‍.ഡി.എഫില്‍ 22 സീറ്റികളില്‍ 21 സീറ്റുകളിലും സി.പി.എം സ്ഥാനാര്‍ഥികളും സി.പി.എം സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. ഒരു സീറ്റില്‍ ആര്‍.ജെ.ഡിയും മത്സരിക്കുന്നു. നിലവിലെ ഒരു സീറ്റെന്നത് കൂട്ടാന്‍ 21 വാര്‍ഡുകളിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും ജനവിധി തേടുന്നു.

നി​ല​വി​ലെ ക​ക്ഷി നി​ല

  • ആ​കെ വാ​ര്‍ഡു​ക​ള്‍ - 19
  • യു.​ഡി.​എ​ഫ് - 10
  • മു​സ്‍ലിം ​ലീ​ഗ് - 7
  • കോ​ണ്‍ഗ്ര​സ് - 3
  • എ​ല്‍.​ഡി.​എ​ഫ് - 8
  • സി.​പി.​എം - 4
  • ഇ​ട​ത് സ്വ​ത​ന്ത്ര​ര്‍ - 4
  • ബി.​ജെ.​പി - 1
Tags:    
News Summary - UDF to maintain the fort; LDF for change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.