കിഴിശ്ശേരി: പ്രതിപക്ഷമില്ലാതെ ഭരണം തുടരുന്ന കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ യു.ഡി.എഫും കൈവിട്ട ശക്തി തെളിയിക്കാന്‍ എല്‍.ഡി.എഫും അവസാന ലാപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2015ല്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഒരു സീറ്റ് പോലും നേടാനായില്ല. ഇതിനെ രാഷ്ട്രീയ പോരാട്ടത്തിലൂടെ മറികടക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് എല്‍.ഡി.എഫ്. അതേസമയം, മുഴുവന്‍ വാര്‍ഡുകളും നിലനിര്‍ത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ്.
പദ്ധതി നിര്‍വഹണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിച്ചും പ്രചാരണ രംഗത്ത് നിറയുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളും നേതാക്കളും വികസന തുടര്‍ച്ചക്കാണ് വോട്ടഭ്യര്‍ഥിക്കുന്നത്. അതേസമയം, പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുപോലും യാഥാര്‍ഥ്യത്തിലെത്തിക്കാന്‍ യു.ഡി.എഫ് ഭരണ സമിതിക്കായില്ലെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. മിനി സ്റ്റേഡിയ നവീകരണം, മിനി ഇന്ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ പദ്ധതികളാണ് എല്‍.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഇതിനൊപ്പം സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളും തെരഞ്ഞെടുപ്പ് വിഷയമാണ്.
1962ല്‍ കുഴിമണ്ണ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ച ശേഷം 2000ല്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണ സമിതി അധികാരത്തില്‍ വന്നത്. കാലാവധി പൂര്‍ത്തിയാക്കാതെ മൂന്ന് വര്‍ഷത്തിനകം ഭരണം യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു. മുസ്‍ലിം ലീഗിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. 18ല്‍നിന്ന് വാര്‍ഡുകളുടെ എണ്ണം 21 ആയി ഉയര്‍ന്ന കുഴിമണ്ണയില്‍ യു.ഡി.എഫില്‍ മുസ്‍ലിം ലീഗ് 16 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും മത്സരിക്കുന്നു. ഇതില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒരു വാര്‍ഡിലും ലീഗ് മത്സരിക്കുന്ന ഒരു വാര്‍ഡിലും മുസ്‍ലിം ലീഗില്‍ നിന്നുതന്നെ വിമത സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്. എൽ.ഡി.എഫില്‍ 19 വാര്‍ഡുകളില്‍ സി.പി.എമ്മും രണ്ട് വാര്‍ഡുകളില്‍ സി.പി.ഐയുമാണ് മത്സരിക്കുന്നത്. എന്‍.ഡി.എ മുന്നണിയായി 16 വാര്‍ഡുകളില്‍ ബി.ജെ.പിയും ഏഴ് വാര്‍ഡുകളില്‍ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.