നിലമ്പൂർ: നാടൻ തോക്കും തിരകളും മൃഗവേട്ടക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികളുമായി വേട്ട സംഘത്തിലെ രണ്ടുപേർ പിടിയിൽ. സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്ന നാലുപേർ രക്ഷപ്പെട്ടു. മൂർക്കനാട് കളത്തിങ്ങൽ മുഹമ്മദാലി, മൂർക്കനാട് വെങ്ങാട് കുതിരക്കുന്നത്ത് ഹംസ എന്നിവരാണ് പിടിയിലായത്. നോർത്ത് ഡിവിഷനിലെ എടവണ്ണ റേഞ്ച് കൊടുമ്പുഴ സ്റ്റേഷൻ പരിധിയിലെ വെണ്ടേക്കുംപൊയിൽ വനഭാഗത്ത് വന്യജീവികളെ വേട്ടയാടുന്നതിനിടെയാണ് കഴിഞ്ഞദിവസം രാത്രി കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പ്രതികളെ പിടികൂടിയത്.
ഇവരിൽനിന്ന് നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ, തിരകളുടെ ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാനുള്ള കത്തികൾ, ബൈക്ക് എന്നിവ പിടികൂടിയിട്ടുണ്ട്. നായാട്ടിന് വന്നുവെന്ന് സംശയിക്കുന്ന നാലുപേർ കാറിൽ രക്ഷപ്പെട്ടതായി സംശയമുണ്ട്. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതികൾക്ക് മണ്ണാർക്കാട് വനം ഡിവിഷനിലും കേസുള്ളതായി വനംവകുപ്പ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ സി. ഡിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ആകാശ് ചന്ദ്രൻ, എന്‍.പി. മുനീറുദ്ദീൻ, അരുണ്‍ പ്രസാദ്, വി. അജയ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എടവണ്ണ റേഞ്ച് ഓഫിസര്‍ പി. സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.