വെളിയങ്കോട് തീരത്ത് നടന്ന മോക് ഡ്രിൽ

സുനാമിയെ എങ്ങനെ നേരിടാം; വെളിയങ്കോട് തീരത്ത് മോക്ഡ്രിൽ

പൊന്നാനി: സുനാമി പോലുള്ള കടല്‍ദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനവും വിലയിരുത്താൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെളിയങ്കോട് തണ്ണിത്തുറ സെന്ററില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. വെളിയങ്കോട് പഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് മോക് ഡ്രില്‍ നടന്നത്. സുനാമി മുന്നറിയിപ്പ് ലഭിക്കുന്നത് മുതല്‍ ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതും രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ചികിത്സയും ഏകോപിപ്പിക്കുന്നതിന്റെ പ്രായോഗിക പരിശീലനമാണ് നടന്നത്.

രാവിലെ 9.45ന് വിവിധ വകുപ്പുകളിലെ ജീവനക്കാരും വാഹനങ്ങളും അണിനിരന്നു. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ റിക്ടര്‍ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ അറിയിപ്പ് രാവിലെ 10ന് വന്നതോടെ തീരദേശ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചുള്ള ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് വന്നു. ഇതോടെ മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റുകള്‍ വന്ന് തുടങ്ങി. 10.30 ഓടെ സുനാമിത്തിരകള്‍ വെളിയങ്കോട് എത്തുമെന്ന സന്ദേശം വന്നു. സമയോചിതമായി ഇടപെട്ട പൊലീസ്, അഗ്നിരക്ഷസേന, തീരദേശ സേന, സിവില്‍ ഡിഫന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ തീരദേശത്തുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് മാര്‍ഗതടസങ്ങള്‍ ഒഴിവാക്കി. വീടുകളില്‍ കുടുങ്ങിക്കിടന്ന കിടപ്പുരോഗികള്‍, കടലിൽ കുടുങ്ങിയവർ, വീടിനു മുകളിലും മരത്തിലുമായി കുടുങ്ങിയവർ എന്നിവരെ ദുരിതാശ്വാസ ക്യാമ്പായി സജ്ജീകരിച്ച മീറത്തുൽ ആംബിയ മദ് റസയിലെത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവർക്ക് ചികിത്സ നല്‍കി. ഉച്ചക്ക് 12ന് ജാഗ്രത നിര്‍ദേശം പിന്‍വലിച്ചതോടെ മോക്ക് ഡ്രില്‍ അവസാനിച്ചു.

ദുരന്തനിവാരണ വകുപ്പ്, പൊലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കാളികളായി. അവലോകനയോഗത്തില്‍ തഹസില്‍ദാര്‍ പ്രമോദ്. പി. ലാസറസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍, കെ.കെ. ഗോപാലകൃഷ്ണൻ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Tsunami Preparedness: Mock Drill on Veliyankode Coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.