മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ജില്ലതല പട്ടയവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പെരകമണ്ണ വില്ലേജിലെ കല്ലിടുമ്പ് ചാത്തകൊടവൻ വീട്ടിൽ ലീലക്ക് പട്ടയം കൈമാറി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുന്നു. ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ, എം.എൽ.എമാരായ അഡ്വ. എം. റഹ്മത്തുല്ല, ടി.പി. അഷ്റഫലി, ടി.വി. ഇബ്രാഹിം എന്നിവർ സമീപം
മഞ്ചേരിയിൽ റവന്യൂ ടവർ നിർമിക്കും -മന്ത്രി എ.പി. അനിൽകുമാർ
മഞ്ചേരി: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പട്ടയവിതരണത്തിൽ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം നേട്ടമുണ്ടാക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു ദിവസംകൊണ്ട് 5000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം പതിനായിരത്തിലധികം പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞു.
ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് 25,000 അപേക്ഷകൾ നൂറു ദിവസത്തിനകം തീർപ്പാക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 35,000 അപേക്ഷകളിൽ തീരുമാനമെടുത്തു. ഇത് 50,000 ആയി ഉയർത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് ഏറനാട് താലൂക്കിന് ആസ്ഥാനമായി പുതിയ റവന്യൂ ടവർ നിർമിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ ഓഫിസുകളിലെത്തുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കണം. സേവനങ്ങൾ മനഃപൂർവം വൈകിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അതേസമയം, അവധിദിനങ്ങളിൽപ്പോലും ജോലി ചെയ്ത് അപേക്ഷകൾ തീർപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാർഥതയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മഞ്ചേരി ലാൻഡ് ട്രൈബ്യൂണൽ സേവനങ്ങൾ സുതാര്യമാക്കാനായി തയാറാക്കിയ പൗരാവകാശരേഖ മന്ത്രി പ്രകാശനം ചെയ്തു.
അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, ടി.പി. അഷ്റഫലി, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, കലക്ടര്‍ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പി.ഒ. സാദിഖ്, മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, വാർഡ് കൗൺസിലർമാരായ വി.പി. രാധാകൃഷ്ണൻ, വി.പി. ഫിറോസ്, അഡ്വ. യു.എ. ലത്തീഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.