വള്ളിക്കുന്ന്: കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന്റെ ശില്പിയായ മുന്‍ സാമൂഹിക വനവത്കരണം മുഖ്യവനപാലകന് (പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍) ഇ. പ്രദീപ്കുമാറിന് റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റി ഉപഹാരം നല്കി ആദരിച്ചു. വിരമിച്ച ശേഷം കമ്യൂണിറ്റി റിസര്‍വിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ എത്തിയതായിരുന്നു അദ്ദേഹം. വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുകയും ദേശാടനപ്പക്ഷികളുടെ വരവിന് ഭീഷണിയാവുകയും ചെയ്തപ്പോഴാണ് 1998ല്‍ ഇ. പ്രദീപ്കുമാര്‍ കോഴിക്കോട് ഡി.എഫ്.ഒ ആയിരിക്കെ കമ്യൂണിറ്റി റിസര്‍വ് എന്ന ആശയം മുന്നോട്ടുവെച്ചത്.
കണ്ടല്‍ക്കാടുകളുടെ സംരക്ഷണം വനംവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. 2007ല്‍ ബിനോയ് വിശ്വം വനംമന്ത്രിയായതോടെയാണ് രാജ്യത്തെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വായി കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് നിലവില്‍ വന്നത്. ഇന്ന് കമ്യൂണിറ്റി റിസര്‍വ് വള്ളിക്കുന്ന്, കടലുണ്ടി പഞ്ചായത്തിലെ പരിസരവാസികള്‍ക്ക് ടൂറിസം മേഖലയിൽ നിരവധി തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്.
കടലുണ്ടിപ്പുഴയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ദേശാടനപക്ഷികളെയും കണ്ടുള്ള തോണിയാത്രയും മത്സ്യ വിഭവങ്ങളടങ്ങിയ ഭക്ഷണവും ആസ്വദിക്കാൻ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. കമ്യൂണിറ്റി റിസര്‍വ് ഓഫിസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ ചെയര്മാന് പി. ശിവദാസന്‍, ഇ. പ്രദീപ്കുമാറിന് ഉപഹാരം നല്കി ആദരിച്ചു. സെക്രട്ടറി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ ബി.കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി റിസര്‍വ് അംഗം പി. ശശീന്ദ്രന്, വനം വകുപ്പ് വാച്ചർ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.