മഞ്ചേരി: കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ പടര്‍ന്ന് തൊട്ടടുത്ത പഴ മൊത്തക്കച്ചവട സ്ഥാപനം കത്തി നശിച്ചു. മഞ്ചേരി ജസീല ജങ്ഷനു സമീപത്തെ എ.ബി ഫ്രൂട്ട്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ പഴങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് പെട്ടിയില്‍ വീണ് കത്തുകയായിരുന്നു. രണ്ടായിരത്തോളം പെട്ടികൾ കത്തി നശിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ ഭാഗത്തെ ലൈറ്റ്, ഡിക്കി എന്നിവക്കും കേടുപാടുകൾ സംഭവിച്ചു.
തീ പടർന്നതോടെ നാല് വാഹനങ്ങൾ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ നെല്ലിക്കുത്ത് സ്വദേശി റഷീദ് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ട് ഫയര്‍ യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൊട്ടടുത്ത മൂന്നു നില കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാ സേനക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. എങ്കിലും അടുത്തുള്ള ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് പുക അടിച്ചുകയറിയത് നാശനഷ്ടങ്ങള്‍ക്കിടയാക്കി.
അസി. സ്റ്റേഷന് ഓഫിസര്‍ ടി. ഷാജിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ആർ.ഒ അരുണ്‍ബാബു, ഫയര്‍ ആൻഡ് റസ്ക്യൂ ഓഫിസര്‍മാരായ എം.വി. അനൂപ്, ടി. അഖില്‍, എന്‍.എം. റാഷിദ്, ഡ്രൈവര്‍മാരായ ശ്രീലേഷ് കുമാര്‍, എം. സജീഷ്, സേനാംഗങ്ങളായ പി. ഗണേഷ്കുമാര്, സി. മുകുന്ദന്, കെ. ഉണ്ണികൃഷ്ണന്, കെ.ടി. ആബിദ്, കെ. ഹുസ്നി മുബാറക്, എ. ബിനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇതേസ്ഥലത്ത് രണ്ടാം തവണയാണ് അഗ്നിബാധ ഉണ്ടാകുന്നത്. ട്രാൻസ്ഫോർമറിൽ നിന്ന് ഇടക്കിടെ തീപ്പൊരി ഉണ്ടാകുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബിയിൽ പരാതി നൽകിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.