ബഡ്സ് സ്കൂൾ കലോത്സവ നഗരിയിൽ പുനർജീവ
ടെക്നോളജീസ് സൊലൂഷൻ ഒരുക്കിയ വി.ആർ ഹെഡ്സെറ്റ്
ഉപയോഗിച്ച് വെർച്വൽ റിയാലിറ്റി ആസ്വദിക്കുന്ന വിദ്യാർഥിനി
തിരൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വെർച്വൽ റിയാലിറ്റിയിലൂടെ ആസ്വാദനത്തിനൊപ്പം തെറപ്പിക്കും സൗകര്യമൊരുക്കുന്ന ന്യൂതന വിദ്യയൊരുക്കി കലോത്സവത്തിനെത്തിയ ശലഭങ്ങൾക്ക് മായാലോകം തുറന്ന് പുനർജീവ ടെക്നോളജീസ് സൊലൂഷൻ. ജില്ല ബഡ്സ് സ്കൂൾ കലാത്സേവമായ ‘ശലഭങ്ങൾ 2024’ ന് എത്തിയ കുട്ടികൾക്കാണ് വ്യത്യസ്ത അനുഭവം തീർത്ത് കുടുംബശ്രീ അംഗീകൃത പുനർജീവ ടെക്നോളജീസ്. ബുദ്ധിപരമായും ശാരീരികപരമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ പരിമിതികൾ മറന്ന് സൈക്കിൾ ചവിട്ടാനും നീന്തിയുല്ലസിക്കാനും കടലിൽ യാത്ര ചെയ്യാനും വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുക വഴി സാങ്കൽപിക ലോകത്ത് എത്താനുമുള്ള അവസരമാണ് ഒരുക്കിയത്.
വി.ആർ ഹെഡ്സെറ്റ് വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. കൂടാതെ കുട്ടികൾക്ക് നൽകുന്ന പരമ്പരാഗത രീതിയിലുള്ള തെറപ്പികൾക്ക് പുതിയ രൂപം നൽകാൻ ഈ ടെക്നോളജിക്ക് സാധിക്കുന്നു.
കുട്ടികളെ സെൻസർ കണക്ട് ചെയ്ത വി.ആർ ഗെയിമുകൾ കളിപ്പിക്കുമ്പോൾ അത് അവർക്ക് മാനസികോല്ലാസം നൽകുന്നതോടൊപ്പം കാഴ്ചകൾ കണ്ടും ശബ്ദങ്ങൾ കേട്ടും അതുപോലെ ചെയ്യുക വഴി തെറപ്പിയുടെ ഫലവും ചെയ്യുന്നു. മത്സരത്തിനെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണികൾക്കും പുത്തനനുഭവമായിരുന്നു പുനർജീവ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.