തിരൂർ: പരിമിതികൾക്കപ്പുറം പറന്നുയരാൻ കൊതിക്കുന്നവരെ കലയുടെ വർണച്ചാർത്തിൽ ചേർത്തുനിർത്തിയ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും. കേൾക്കാത്ത ഈണവും കാണാത്ത മുദ്രകളും നിറഞ്ഞുനിന്ന നാടോടിനൃത്തവും ഒപ്പനത്താളവുമെല്ലാമായി സമ്പന്നമായിരുന്നു വെള്ളിയാഴ്ച.
68 ഇനങ്ങൾ പൂർത്തിയായപ്പോൾ 518 പോയന്റുമായി തൃശൂരാണ് ഒന്നാമത്. 475 പോയന്റുമായി കോഴിക്കോട് രണ്ടാമതും 453 പോയന്റുമായി ആതിഥേയരായ മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. 362 പോയന്റുമായി എറണാകുളവും 312 പോയന്റുമായി കോട്ടയവും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. 101 പോയന്റുമായി ഇടുക്കിയും 56 പോയന്റുമായി ആലപ്പുഴയുമാണ് അവസാന സ്ഥാനങ്ങളിൽ. 28 ഇനങ്ങളാണ് ഫലമറിയാനുള്ളതും നടക്കാനുള്ളതും.
ശ്രവണപരിമിതരുടെ വിഭാഗത്തിൽ എറണാകുളം മാണിക്കമംഗലം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദി ഡെഫ്, കോഴിക്കോട് മലാപ്പറമ്പ് അസീസി സ്കൂൾ ഫോർ ദി ഡെഫ്, പാലക്കാട് ഒറ്റപ്പാലം ജി.എച്ച്.എസ് ഫോർ ഡെഫ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
കാഴ്ചപരിമിത വിഭാഗത്തിൽ കോട്ടയം ഒളശ ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ്, കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഹാൻഡികാപ്ഡ്, മലപ്പുറം മങ്കട ജി.എച്ച്.എസ്.എസ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ശനിയാഴ്ച വൈകീട്ട് 4.30ന് സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.