തിരൂർ: തിരൂർ നഗരസഭയിൽ ഭരണം നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് എൽ.ഡി.എഫ്.
ഒരു സീറ്റിൽനിന്ന് സീറ്റ് വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ബി.ജെ.പിയും നഗരസഭയിൽ അക്കൗണ്ട് തുറക്കുകയെന്ന മോഹവുമായി എസ്.ഡി.പി.ഐയും യു.ഡി.എഫ് പിന്തുണയോടെ കന്നിജയം ഉറപ്പിക്കാനായി വെൽഫെയർ പാർട്ടിയും നഗരസഭയിലെ തദ്ദേശ തെരഞ്ഞെടുപ്പിനെ ആവേശ പോരാട്ടത്തിലാക്കിയിരിക്കുകയാണ്. ഇത്തവണ വർധിപ്പിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ആകെ 40 സീറ്റുകളിലാണ് പോരാട്ടം.
യു.ഡി.എഫ് കോട്ടയായിരുന്ന തിരൂർ നഗരസഭയിൽ ആകെ മൂന്ന് തവണയാണ് എൽ.ഡി.എഫ് ഭരിച്ചിട്ടുള്ളത്. സ്വതന്ത്രരെ കളത്തിലിറക്കി ഇത്തവണ ഭരണം തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. എന്നാൽ, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് ലീഡുമായി ഭരണം നിലനിർത്താനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
കഴിഞ്ഞ തവണ ആകെയുണ്ടായിരുന്ന 38 സീറ്റുകളിൽ യു.ഡി.എഫിന് 19ഉം എൽ.ഡി.എഫിന് 16ഉം സീറ്റുകളാണ് ലഭിച്ചത്. യു.ഡി.എഫിൽ ലീഗിന് 16ഉം കോൺഗ്രസിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. രണ്ട് യു.ഡി.എഫ് റിബലുകൾകൂടി പിന്തുണച്ചതോടെ യു.ഡി.എഫിന് 21 സീറ്റുകളായി. എൽ.ഡി.എഫിൽ സി.പി.എമ്മിന് 15ഉം സി.പി.ഐക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.
വർഷങ്ങളായി ജയിക്കുന്ന ഒരു സീറ്റാണ് ബി.ജെ.പിക്ക് നിലവിൽ നഗരസഭയിലുള്ളത്. ഇത്തവണ നഗരസഭയിലെ നാലാം വാർഡിൽ യു.ഡി.എഫ്, എൽ.ഡി.എഫ് എന്നീ മുന്നണികൾക്കു പുറമെ ത്രികോണ പോരാട്ടവുമായി എസ്.ഡി.പി.ഐ രംഗത്തുണ്ട്. വ്യവസായി കീഴേടത്തിൽ ഇബ്രാഹിം ഹാജിയാണ് യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർഥിയെങ്കിൽ മറ്റൊരു വ്യവസായി ഗഫൂർ പി. ലില്ലീസിനെ മുൻനിർത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.