പനമ്പാലം പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലം
കൽപകഞ്ചേരി: തിരൂർ-പൊന്നാനി പുഴക്ക് കുറുകെ ജീർണാവസ്ഥയിലായ ഇരിങ്ങാവൂർ പനമ്പാലം പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട നിയമ തടസ്സങ്ങളാണ് പ്രവൃത്തി വൈകാൻ കാരണം. അതേസമയം, ദിനംപ്രതി വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പഴയ പാലം ഏതു നിമിഷവും തകർന്നുവീഴാറായ നിലയിലാണ്.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി പല ഭാഗങ്ങളിലും അടർന്നുവീണിട്ടുണ്ട്. പാലത്തിന് മുകളിലൂടെയുള്ള റോഡും വിണ്ട് കീറിയ അവസ്ഥയിലാണ്. ഏതാണ്ട് 52 വർഷത്തെ പഴക്കമുണ്ട് പാലത്തിന്. ചെറിയമുണ്ടം പഞ്ചായത്തും തിരൂർ നഗരസഭയും അതിർത്തി പങ്കിടുന്ന പാലമാണിത്. നേരത്തെ ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോയിരുന്നത്. ഇപ്പോൾ വാഹനങ്ങളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. ഇത് പാലത്തിന് സമീപം ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ ബലക്ഷയം സംഭവിച്ച പാലത്തിന് മുകളിലൂടെ കടന്നുപോകുന്നത് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്. വീതി കുറഞ്ഞ പാലത്തിലൂടെ ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാൻ കഴിയൂ. എന്നാൽ, പല സമയങ്ങളിലും ഇരുഭാഗത്തുനിന്നും ഒരേ സമയം പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് മൂലം യാത്രക്കാർ തമ്മിൽ പരസ്പരം വാക്കേറ്റവും പതിവാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച് യാത്രക്കാർക്ക് തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.