വൈദ്യര് മഹോത്സവത്തോടനുബന്ധിച്ച് പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷന് ഫോര്‍ ദി
ഡിസേബിള്‍ഡിലെ കലാകാരികള്‍ അവതരിപ്പിച്ച വീല്‍ ചെയര്‍ ഒപ്പന
കൊണ്ടോട്ടി:Vaidyar Mahotsava
ത്തിന്റെ മൂന്നാം നാള് ഭിന്നശേഷിക്കാരായ കലാ പ്രതിഭകള്‍ അരങ്ങു തകര്‍ത്തു. കാഴ്ചപരിമിതരുടെ കോല്‍ക്കളി, ചലന പരിമിതരുടെ വീല്‍ ചെയര്‍ ഒപ്പന, സൂഫി ഡാന്‍സ്, ശ്രവണ പരിമിതരുടെ ഒപ്പന തുടങ്ങിയ വിഭവങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങിയ സദസ്സ് നിറഞ്ഞ കയ്യടിയാണ് വെല്ലുവിളികൾ അതിജീവിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കിയത്. പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന് ഫോര്‍ ദി ഡിസേബിള്‍ഡിലെ കലാകാരന്മാരാണ് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സ്മരണകള്‍ നിറഞ്ഞ കൊണ്ടോട്ടിയിലെ സ്മാരകത്തില്‍ മാപ്പിള കലകളുടെ വിസ്മയം തീര്‍ത്തത്.
ചലന പരിമിതര്‍ ചക്രക്കസേരയിലിരുന്ന് അവതരിപ്പിച്ച ഒപ്പന വേറിട്ട കാഴ്ചയായി. കൈകള്‍ കൊണ്ട് ചക്രങ്ങള്‍ ചലിപ്പിക്കുന്ന കസേര ഉപയോഗിച്ചാണ് സംഘം വേദിയിലെത്തിയത്. കെ. സഫീന, എ. സബിന, നസ്റിന്, എം. ബിത, സി. പ്രസന്നകുമാരി, ടി. ജസീല എന്നിവരാണ് വീല്‍ ചെയര്‍ ഒപ്പന അവതരിപ്പിച്ചത്. എബിലിറ്റിയിലെ സ്പെഷല്‍ എജുക്കേറ്റര്‍ പുളിക്കല്‍ സ്വദേശിനി പി.എസ്. തമന്നയാണ് ഇവരുടെ മുഖ്യ പരിശീലക. പരിശീലനത്തിന് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ പി.ടി. ശബയും സഹായിയായുണ്ടായിരുന്നു.
എബിലിറ്റിയിലെ ഭിന്നശേഷിക്കാരായ കലാ സംഘം അവതരിപ്പിച്ച സൂഫി ഡാന്‍സ്
പ്രൊഫഷണല്‍ കോല്‍ക്കളി സംഘങ്ങളുടെ പ്രകടനങ്ങൾ വെല്ലും വിധമായിരുന്നു കാഴ്ച പരിമിതരുടെ കോല്‍ക്കളി. അപകട സാധ്യതയുള്ള ഈ മാപ്പിള കലാരൂപം തന്മയത്വത്തോടെ എബിലിറ്റിയിലെ കലാകാരന്മാര് അവതരിപ്പിച്ചു. വാഴക്കാട് സ്വദേശിയും എബിലിറ്റിയിലെ പി.ആര്.ഒയുമായ പി.ടി. അബ്ദുസ്സലാമാണ് പരിശീലിപ്പിച്ചത്.
ശ്രവണ പരിമിതര്‍ കേള്‍ക്കാത്ത പാട്ടിനനുസരിച്ച് താളം പിഴക്കാതെ ഒപ്പന കളിക്കുന്നത് ഏവരേയും അദ്ഭുതപ്പെടുത്തി. അവിശ്വസനീയമായ പ്രകടനമാണ് ബി.ജെ. അനുപ്രിയ, കെ. ഫെമിനാസ്, കെ.പി. ഫാത്തിമ ഹന്ന, കെ.എം. അയന, ഷിഫാന തസ്നി, കെ. തസ്ഫിയ, കെ. നവ്യ എന്നിവരടങ്ങിയ സംഘം പുറത്തെടുത്തത്.
അരൂര്‍ സ്വദേശി ഹൈറുന്നിസയാണ് പരിശീലക. സൂഫി ഡാന്‍സും മറ്റ് കലാ പരിപാടികളും അരങ്ങേറി. ഭിന്നശേഷി കലോത്സവം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം പി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യരും തുഞ്ചനും മേൽപ്പത്തൂരും പൂന്താനവും ചേര്‍ന്ന് പണിത മതേതര സംസ്കൃതിയില്‍ ജീവിക്കുന്ന മലപ്പുറത്തെ എത്ര ശ്രമിച്ചാലും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്. വൈദ്യര് മഹോത്സവത്തിന്റെ ഭാഗമായി ‘കലയും മതനിരപേക്ഷതയും’ എന്ന വിഷയത്തില്‍ വൈദ്യര് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈദ്യര് മഹോത്സവത്തിന്റെ ഭാഗമായി കവി ആലങ്കോട് ലീലാകൃഷ്ണന് വൈദ്യര് സ്മാരക പ്രഭാഷണം നടത്തുന്നു
അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം പി.പി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. പി.കെ. ഖലീമുദ്ദീന്, എ.പി. മോഹന്‍ദാസ്, അബ്ബാസ് കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷംസീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും സന്തോഷ് തച്ചണ്ണ അവതരിപ്പിച്ച ‘ദു:ഖപുത്രന്‍’ എന്ന ഏകപാത്ര നാടകവും അരങ്ങേറി.
രാവിലെ 10ന് -മാപ്പിളപ്പാട്ട് ഗായക സംഗമം
ഉച്ചക്ക് രണ്ടിന് -സാംസ്കാരിക സദസ്സ്
വൈകുന്നേരം അഞ്ചിന് -പ്രാദേശിക കലാ സമിതികളുടെ കലാ സന്ധ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.