മലപ്പുറം: മിതമായ നിരക്കിൽ സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതുതായി അനുവദിച്ച കാരുണ്യ ഫാർമസിയുടെയും ആധുനിക ഐ.സി യൂനിറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
നിലവിൽ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. 30 ശതമാനമെന്ന ഏതാനും വർഷത്തെ കണക്കിൽ നിന്നാണ് ഇരട്ടിയിലധികം ആളുകൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രീതിയിലേക്കെത്തിയത്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതാണ് സർക്കാർ ആശുപത്രികളെ ജനങ്ങൾക്ക് സ്വീകാര്യമാകാൻ കാരണമെന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടത്തുന്ന ‘ആരോഗ്യഭേരി’ പദ്ധതിയുടെ ബുക്ക്‌ലെറ്റ്, ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, പി.കെ. അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.