കാളികാവ്: അടിക്കാടുകൾ നീക്കാൻ വൈകുന്നത് കാടിറങ്ങുന്ന കടുവകൾക്ക് താവളമായി സ്വകാര്യ എസ്റ്റേറ്റുകൾ മാറാൻ വഴിവെക്കുന്നു. സ്വകാര്യ റബർ എസ്റ്റേറ്റുകളിൽ വളർന്ന കാടുകൾ നരഭോജി കടുവയെ പിടികൂടുന്നതിന് തടസ്സമാകുകയാണ്. ഒരാളിലേറെ പൊക്കത്തിൽ വളർന്ന കാടുകളിൽ പതിയിരിക്കുന്ന കടുവയെ പിടികൂടാൻ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. പലപ്പോഴായി വനംവകുപ്പിന്റെ ദൗത്യസംഘത്തിനും വള്ളിപടർപ്പുകളുള്ള ഈ കാടുകൾ കയറാൻ പോലും കഴിയുന്നില്ല.
അടക്കാക്കുണ്ട് പാറശ്ശേരി റാവുത്തൻകാടിൽ ടാപ്പിങ് തൊഴിലാളി ഗഫൂറലി കടുവയുടെ ആക്രമണത്തിൽ കൊലപ്പെട്ട മേയ് 15 മുതൽ വനം വകുപ്പ് തിരച്ചിൽ തുടരുകയാണ്. അതിനൊപ്പം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ജനപ്രതിനിധികൾ ഉൾപ്പെടെ ഈ അവസരത്തിൽ വനം വകുപ്പിനെതിരെ തിരിയുന്ന സാഹചര്യവുമുണ്ട്.
കടുവക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കുന്നത് സ്വകാര്യ തോട്ടം മേഖലയിലെ അടിക്കാടുകളാണ്. പാറശ്ശേരി റാവുത്തൻകാട് മുതൽ കരുവാരകുണ്ട് മദാരിക്കുണ്ട് വരെയുള്ള തോട്ടങ്ങളിലും ചിലയിടങ്ങളിൽ പത്തടിയോളം ഉയരത്തിൽ കാടുകളുണ്ട്.
വന്യജീവികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇത്തരം കാടുകൾ. വന്യജീവികൾക്ക് ഓടിയൊളിക്കാനും കാടുകൾ സൗകര്യമാണ്. ഈ തോട്ടങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കേണ്ടതുണ്ട്. ഇതിന് വനംവകുപ്പിനൊപ്പം റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം.
വനം മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ടാപ്പിങ് തൊഴിലാളികളെ ലഭിക്കാതെ വരുന്നതോടെ വൻകിട റബ്ബർ എസ്റ്റേറ്റ് ഉടമകൾ തൊഴിലാളി ലഭ്യതക്കുറവ് പരിഹരിക്കാൻ റബ്ബർ മരങ്ങൾ ചെറുകിട റബ്ബർ കർഷകർക്കോ ടാപ്പിങ് തൊഴിലാളികൾക്കോ പാട്ടത്തിന് നൽകുകയാണ് പതിവ്. അടിക്കാട് ഉൾപ്പെടെ വെട്ടി തെളിക്കാൻ സ്ഥലം ഉടമയോ പാട്ടത്തിനെടുത്ത ആളോ തയാറാവാത്തതാണ് വനമേഖലയോട് ചേർന്നുള്ള റബ്ബർ തോട്ടങ്ങളിൽ കാട് വ്യാപിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.