ബഫർ സോൺ ആശങ്ക മല കയറുന്നു

കാളികാവ്: വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവക്ക് ചുറ്റും ബഫർസോൺ (ഇക്കളോജിക്കൽ സെൻസിറ്റീവ് സോൺ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്ത് വന്നതോടെ മലയോര മേഖലയിൽ ആശങ്ക വർധിക്കുന്നു. പ്രശ്നവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ പരാതികൾ കേൾക്കാൻ ഹെൽപ് ഡെസ്ക് രൂപവത്കരണ നടപടികളും തുടങ്ങിയിട്ടുണ്ട്. കാളികാവ് പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് സംബന്ധമായി ശനിയാഴ്ച യോഗം ചേരും.

ജില്ലയിലെ ആറ് പഞ്ചായത്തുകൾക്കു കീഴിലുള്ള പ്രദേശങ്ങൾ സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുമെന്ന് വനം വകുപ്പിന്റെ ഭൂപടം വിശദീകരിക്കുന്നു. ചോക്കാട്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയിൽ വരുന്നത്. ഇതിൽ കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്ക് കീഴിലെ പ്രദേശങ്ങൾ പൂർണമായി വനമേഖലയാണെന്ന് ഭൂപടം വ്യക്തമാക്കുന്നു. മറ്റു മൂന്ന് പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയിലുണ്ടെന്നാണ് നിഗമനം.

ഏതെല്ലാം മേഖലകളാണെന്ന് കൃത്യമായി അറിയണമെങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവേ നമ്പർ വരണം. ഒരാഴ്ചക്കകം ഇതു പ്രസിദ്ധീകരിക്കുമെന്നാണ് സർക്കാറിന്റെ അറിയിപ്പ്. നേരത്തേ പ്രസിദ്ധീകരിച്ച പരിസ്ഥിതിലോല മേഖലയുടെ ആകാശ ഭൂപടം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇതിൽ വ്യക്തതയില്ലെന്നും ജനവാസ മേഖലകൾ തെറ്റായി അടയാളപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വനംവകുപ്പ് ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിലും വ്യക്തതയില്ലെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. കൃഷിയിടങ്ങൾ വനമേഖലകളായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്.

ചോക്കാട് പഞ്ചായത്തിൽ വള്ളിപ്പൂള, ചിങ്കക്കണ്ണ് തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലകൾ പുതിയ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട്, പാറശ്ശേരി ഭാഗങ്ങളും ലോല മേഖലയിലാണെന്നാണ് സൂചന.

കരുവാരകുണ്ടിൽ കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ആകാശ ഭൂപടത്തിൽ മേഖലയിലെ 98 സർവേ നമ്പറുകൾ ഉൾപ്പെട്ടിരുന്നു. ഇതുപ്രകാരം കർഷകർ കണക്കെടുത്തപ്പോൾ 400-500 വീടുകൾ നഷ്ടപ്പെടുമെന്ന് കണ്ടെത്തിയിരുന്നു. പുതിയ ഭൂപട പ്രകാരം നഷ്ടപ്പെടുന്ന വീടുകളും കൃഷി ഭൂമിയും കൃത്യമായി അറിയണമെങ്കിൽ സർവേ നമ്പർ ലഭിക്കണമെന്ന് കർഷകർ പറയുന്നു.

Tags:    
News Summary - The buffer zone concern climbing to the mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.