മലപ്പുറം: നഗരസഭയിലെ പൊളിച്ചു പോയ കെട്ടിടങ്ങൾക്ക് നികുതി അടക്കാൻ ഡിമാൻഡ് നോട്ടീസ് നൽകുന്നതായി മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ. ഇതിനു പരിഹാരം വേണമെന്ന് അംഗങ്ങളുടെ ആവശ്യം. കെട്ടിട നികുതി പിരിവ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി നികുതി അടക്കാൻ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഡിമാൻഡ് നോട്ടീസ് നൽകൽ ആരംഭിച്ചിട്ടുണ്ട്. ചിലർക്കു മുമ്പുണ്ടായിരുന്ന വീട്/കെട്ടിടം പൊളിച്ചു മാറ്റിയതിനും നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചു പൊതുജനങ്ങൾ പരാതിയുമായി കൗൺസിൽ അംഗങ്ങളെ സമീപിക്കുകയാണ്.
കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ വിവരം നേരത്തെ നഗരസഭയെ അറിയിച്ചവക്കും വീണ്ടും നോട്ടീസ് നൽകുകയാണെന്നു കൗൺസിലർമാർ പറഞ്ഞു. എന്നാൽ നഗരസഭയുടെ രേഖകളിൽ ഇവ പൊളിച്ചു മാറ്റിയതായി രേഖപ്പെടുത്താത്ത സാഹചര്യത്തിലാണു നോട്ടീസ് നൽകുന്നതെന്നു റവന്യു വിഭാഗം വ്യക്തമാക്കി. പൊളിച്ചു മാറ്റിയതു സംബന്ധിച്ച കത്ത് നഗരസഭയുടെ രജിസ്റ്ററിൽ ചേർക്കാതെ പോയവർക്കായിരിക്കും നോട്ടിസ് നൽകിയിരിക്കാൻ സാധ്യതയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സ്വയം സാക്ഷ്യപ്പെടുത്തിയ കത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾക്കു ശേഷം കെട്ടിടം പൊളിച്ചുമാറ്റിയതു മുതലുള്ള നികുതി ഒഴിവാക്കി നൽകുന്നതു പരിഗണിക്കാമെന്നും റവന്യു വിഭാഗം വ്യക്തമാക്കി.
നികുതി പിരിവ് ഇതുവരെ 30 ശതമാനം മാത്രമാണു പൂർത്തിയായിരിക്കുന്നത്. ഇൻകെൽ സിറ്റിയിലെ കെട്ടിങ്ങളുടെ നികുതി പിരിവ് സർക്കാർ ഉത്തരവു പ്രകാരം തടസ്സപ്പെടുത്തിയിരിക്കുകയാണ്. 29 ലക്ഷത്തോളം രൂപയാണ് കുടിശ്ശികയുള്ളത്. ഇവ നഗരസഭയുടെ നികുതി ഡിമാൻഡിൽ നിന്ന് ഒഴിവാക്കണമെന്നും നഗരസഭാധ്യക്ഷൻ ആവശ്യപ്പെട്ടു. 33, 23, അഞ്ച് വാർഡുകളിൽ മാത്രമാണു വസ്തു നികുതി പിരിവ് അമ്പത് ശതമാനത്തിനു മുകളിലെത്തിയത്. കൂടുതൽ വസ്തു നികുതി പിരിച്ചെടുക്കുന്ന വാർഡ് കൗൺസിലർക്ക് നഗരസഭ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.