ജീവനക്കാർ കുറവ്; താനൂർ സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം താളം തെറ്റുന്നു

താനൂർ: ജീവനക്കാരുടെ കുറവുമൂലം താനൂർ സബ് രജിസ്ട്രാർ ഓഫിസിൽ വസ്തു രജിസ്ട്രേഷൻ അടക്കമുള്ള സേവനങ്ങൾക്ക് കാലതാമസം. ഒരു പ്യൂൺ തസ്തികയിൽ മാത്രമേ നിയമനം നടക്കാത്തതായുള്ളൂവെങ്കിലും നിലവിലുള്ള ക്ലറിക്കൽ ജീവനക്കാരിൽ പലരും നീണ്ട അവധിയിൽ പോയതാണ് ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റാൻ കാരണം.

സാധാരണ ഗതിയിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നടക്കേണ്ട ഇടപാടുകൾ ആഴ്ചകളോളം വൈകുന്നു. ചികിത്സ, വിവാഹം അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി വസ്തു ഇടപാടുകൾ നടത്തുന്നവരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്.

ദിവസേന രജിസ്ട്രേഷനുകൾക്കും മറ്റ് സേവനങ്ങൾക്കുമായി ഒട്ടേറെ പേർ ആശ്രയിക്കുന്ന താനൂർ സബ് രജിസ്ട്രാർ ഓഫിസ് കൂടുതൽ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചെങ്കിലും സേവനം യഥാസമയം ലഭ്യമാക്കാൻ ഇനിയും സാധിച്ചിട്ടില്ല. തുടക്കത്തിൽ സോഫ്റ്റ്‌വെയർ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇടപാടുകൾ തടസ്സപ്പെട്ടിരുന്നതിന് ഒരു വിധം പരിഹാരമായപ്പോഴാണ് ജീവനക്കാരുടെ അപര്യാപ്തത ഓഫിസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചത്.

ഇടപാടുകൾ നടത്താനും മറ്റും മുൻകാലങ്ങളിലൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിൽ താമസം നേരിടുന്നത് പൊതുജനങ്ങൾക്ക് പുറമേ ആധാരമെഴുത്ത് മേഖലയിലെയും റിയൽ എസ്റ്റേറ്റ് മേഖലയിലെയും ഒട്ടേറെ പേരെ കൂടിയാണ് കാര്യമായി ബാധിക്കുന്നത്. അവധിയിലുള്ള ജീവനക്കാരുടെ കുറവ് ബാധിക്കാത്ത രീതിയിലുള്ള പുനഃക്രമീകരണങ്ങൾ നടത്തി ദുരിതത്തിനറുതിയുണ്ടാക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - Tanur sub registrar's office is running erratic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.