നിലമ്പൂർ: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമി പതിച്ച് നൽകണമെന്നാവശ‍്യപ്പെട്ട് ആദിവാസി യുവാക്കൾ നിലമ്പൂർ വനം സൗത്ത് ഡി.എഫ്.ഒ ഓഫിസ് വളപ്പിലെ മരത്തിൽ കയറി ആത്മഹത‍്യഭീഷണി മുഴക്കി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കരുളായി മുണ്ടക്കടവ് ആദിവാസി നഗറിലെ പത്തോളം പേർ ഡി.എഫ്.ഒ ഓഫിസിൽ എത്തിയത്. സൗത്ത് ഡി.എഫ്.ഒ ധനിക് ലാലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സംഘത്തിലെ ബാബുരാജ് (40), വിനീത് (24) എന്നിവർ കാര‍്യാലയ വളപ്പിലെ കൂറ്റൻ മരത്തിന് മുകളിൽ കയറി ആത്മഹത‍്യ ഭീഷണി മുഴക്കുകയായിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി ഷാജു. കെ. അബ്രഹാമിന്‍റെ നേതൃത്വത്തിൽ പൊലീസും വനപാലകരും അനുനയിപ്പിച്ച് ഇവരെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജില്ല കലക്ടർ സ്ഥലതെത്തി ഭൂമി പതിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയാൽ മാത്രമെ ഇറങ്ങൂവെന്നായിരുന്നു നിലപാട്.
മുണ്ടക്കാടവ് നഗറിൽ 54 ആദിവാസി കുടുംബങ്ങളാണുള്ളത്. 106 ഏക്കറിലാണ് ഇവർ താമസിക്കുന്നത്. ഭൂമിയുടെ അവകാശം പതിച്ച് കിട്ടാത്തതിനാൽ പല ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. വനാവകാശ നിയമപ്രകാരം ഇവർക്ക് ഭൂമി നൽകണമെന്ന കോടതി ഉത്തരവിനെ തുടർന്ന് രേഖകൾ സമർപ്പിച്ച 45 കുടുംബങ്ങൾക്ക് ഭൂമി പതിച്ച് നൽകാൻ തീരുമാനമായിരുന്നു. അളന്ന് തിട്ടപ്പെടുത്തി പ്ലോട്ടുകളാക്കി തിരിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം കൈമാറ്റം നടന്നില്ല. മാസങ്ങൾക്ക് മുമ്പ് സ്ത്രീകൾ ഉൾപ്പടെയുള്ള ആദിവാസി കുടുംബങ്ങൾ ഭൂമി കൈമാറ്റം വൈകുന്നതായി ഡി.എഫ്.ഒയെ അറിയിച്ചിരുന്നു. രേഖകൾ പരിശോധിച്ച് ഒരു മാസത്തിനകം ഭൂമി കൈമാറ്റുമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകിയിരുന്നതായി കുടുംബങ്ങൾ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും ഭൂമി ലഭിച്ചിക്കാത്തതിനാലാണ് പ്രതിഷേധവുമായെത്തിയത്. വൈകീട്ട് ആറായിട്ടും താഴെയിറങ്ങാതെ സമരം തുടർന്നു. ഇതോടെ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു സ്ഥലത്തെത്തി.
കുടുംബങ്ങൾ സമർപ്പിച്ച രേഖകളിൽ പ്രായപൂർത്തിയാകാത്തവരുണ്ടെന്നും ഇതിലെ സാങ്കേതിക തടസ്സം മൂലമാണ് കൈമാറ്റം വൈകിയതെന്നും തഹസിൽദാറും ഡി.എഫ്.ഒയും വിശദീകരിച്ചു. സാങ്കേതിക തടസ്സങ്ങൾ നീക്കി മുഴുവൻ സ്ഥലവും ഒരാഴ്ചകക്കം കൈമാറാൻ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ ഉറപ്പ് നൽകി. പ്രായപൂർത്തിയാവാത്തവരുടെ അപേക്ഷയിൽ മുതിർന്നവരുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത് നൽകാമെന്നും അറിയിച്ചു. ഇതോടെ രാത്രി ഏഴോടെയാണ് രണ്ടുപേരും മരത്തിൽ നിന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.