കല്ലാമൂല ചിങ്കക്കല്ല് വനമധ്യത്തിലെ ആദിവാസി വീടുകൾക്കരികിലെ കത്താത്ത ഹൈമാസ്റ്റ് ലൈറ്റ്
കാളികാവ്: പുലി, കടുവ, കാട്ടാന ഭീതിക്കിടെ ഇരുഭാഗവും വനത്താൽ ചുറ്റപ്പെട്ട കല്ലാമൂല ചിങ്കക്കല്ലിൽ തെരുവു വിളക്കുകൾ കത്താത്തത് ദുരിതമാവുന്നു. പാതയരികിലുള്ള ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് വർഷം ഒന്നുകഴിഞ്ഞു. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ആഴ്ചകൾ മാത്രമാണ് കത്തിയത്. കൂരിരുട്ടിന്റെ മറവിൽ ആനയും കടുവയുമെത്തുമോ എന്ന പേടിയിൽ കഴിയുന്നത് ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ്.
രാത്രിയിൽ തീയിട്ടും പടക്കം പൊട്ടിച്ചുമാണ് ആനകളെ തുരത്തുന്നത്. വീടിന്റെ പരിസരത്ത് ആനകൾ വരുന്നത് കാണാൻ വെളിച്ചമില്ലാത്തതാണ് ഏറ്റവും വലിയ ഭീഷണി. നേരം ഇരുട്ടിയാൽ കോളനി ആകെ ഇരുട്ടിലാണ്. ആനയും മറ്റു മൃഗങ്ങളും എത്തുന്നത് മുൻകൂട്ടി കാണാൻ യാതൊരു മാർഗവുമില്ല.
വൈദ്യുതി തൂണുകളിൽ നേരത്തെ സ്ഥാപിച്ച വിളക്കുകളും ഒന്നുപോലും കത്തുന്നില്ല. വേനൽക്കാലമായാൽ ചോലയിൽനിന്ന് വെള്ളം കുടിക്കാൻ കാട്ടാനകൾ കൂട്ടത്തോടെയാണ് എത്താറ്. എത്രയോ തവണ തലനാരിഴക്കാണ് പല കുടുംബങ്ങളും രക്ഷപ്പെട്ടിട്ടുള്ളത്. കോളനിക്കുചുറ്റും നേരത്തെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് വേലി പാടെ നശിച്ചു. അതിനാൽ തന്നെ ആനകളെ തടയാനുള്ള യാതൊരുമാർഗവും നിലവിലില്ല.
തെരുവുവിളക്കുകൾ കത്താത്തതും കാട്ടാന ഭീഷണിയും പലതവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞെങ്കിലും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ആദിവാസി കുടുംബങ്ങളിൽ ചിലർ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷെഡിലാണ്. ജീവൻ പണയപ്പെടുത്തിയാണ് ഇവർ ഒരോ ദിവസവും കഴിച്ചുകൂട്ടുന്നത്. അതിനിടെ വനം വകുപ്പിന്റെ ചെലവിൽ രണ്ടിടങ്ങളിൽ ചെറിയ സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് കുറഞ്ഞ പ്രകാശം മാത്രമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.