തെരുവുനായ് വിഷയത്തിൽ അരീക്കോട് പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗം
അരീക്കോട്: അരീക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഓഫിസിൽ അടിയന്തര യോഗം ചേർന്നു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അരീക്കോടും അങ്ങാടിയിലും പരിസരപ്രദേശത്തും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായുടെ ആക്രമണം ആരംഭിച്ചത്. തുടർന്ന് വൈകീട്ട് മുതൽ രാത്രി വരെ 12 പേരാണ് ഈ നായുടെ കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കടിയേറ്റ എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. തിങ്കളാഴ്ച രാവിലെയും വിവിധ ഇടങ്ങളിലായി അഞ്ചുപേർക്ക് വീണ്ടും നായുടെ ആക്രമണത്തിൽ കടിയേറ്റു. ഇവരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് പഞ്ചായത്ത് ഓഫിസിൽ അടിയന്തരയോഗം ചേർന്നത്.
വെള്ളനിറത്തിലുള്ള ഈ നായ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതി പരത്തുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്താനും ആക്രമണകാരിയായ നായെ പിടികൂടി നിരീക്ഷണത്തിൽ വെക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷിർ കല്ലട, സി. സുഹൂദ്, പഞ്ചായത്ത് അംഗങ്ങളായ സി.കെ. അഷ്റഫ്, പ്രസന്നകുമാരി, കെ. സാദിൽ, ശ്രീജ അനിയൻ, എസ്.ഐ. അനീഷ്, വില്ലേജ് ഓഫിസർ ഷാജു, ഹെൽത്ത് ഇൻസ്പെക്ടർ ജാൻസി, പഞ്ചായത്ത് ജെ.എസ് അരുൺ, അസിസ്റ്റന്റ് സെക്രട്ടറി ആശ കമാൽ, വെറ്ററിനറി ഡോക്ടർ സന്ധ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.