പരപ്പനങ്ങാടി: ചരിത്രത്തെ സ്വന്തമാക്കി ഒതുക്കി വെക്കാതെ നാടിന് വെളിച്ചമാക്കുകയാണ് ദാമോദരൻ നമ്പൂതിരി എന്ന അധ്യാപകൻ. മനയിൽനിന്ന് പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലേക്ക് പുരാവസ്തു ശേഖരമാണ് സംഭാവന നൽകിയിരിക്കുന്നത്. സ്കൂളിലൊരുക്കിയ മ്യൂസിയം ദാമോദരൻ മാഷിന്റെ ഹൃദയ മിടിപ്പാണ്.
ചെമ്രക്കാട്ടൂരിലെ പുല്ലൂർമണ്ണ മനയുടെ അവകാശിയും അവിവാഹിതനുമായ ദാമോദരൻ മാതാവ് പാർവതി അന്തർജനത്തോടൊപ്പം കൈവശം വെച്ചുപോന്ന അത്യപൂർവ പുരാവസ്തുശേഖരങ്ങളിൽ ഒരു ഭാഗമാണ് ജോലി ചെയ്യുന്ന വിദ്യാലയത്തിലേക്ക് നീക്കിവെച്ചത്. സ്കൂളിൽ പുരാവസ്തു ശേഖരത്തിന് തുടക്കമിട്ട ചരിത്ര വിഭാഗത്തിന്റെയും അനിൽകുമാർ, അൻവർ എന്നീ അധ്യാപകരുടെയും ശ്രമങ്ങൾക്ക് ഇത് കരുത്തായി. അതോടെ സ്കൂളിൽ മികവുറ്റ മുസിയമൊരുങ്ങി.
‘മുളം കരണം’ എന്ന പേരിൽ അറിയപ്പെടുന്ന പഴയ കാല അപൂർവ പ്രമാണ ലിഖിതങ്ങളായ ആധാരങ്ങൾ, അപൂർവ നാട്ടുവൈദ്യ പ്രമാണങ്ങൾ, മന്ത്രവാദ ഗ്രന്ഥങ്ങൾ, ക്രിയ, ശുദ്ധി, അടിയന്തരം എന്നിവയുടെ വിധി പറയുന്ന പൗരാണിക ഗ്രന്ഥങ്ങൾ, അധ്യാത്മ രാമായണം, വൈദ്യ പഠന ഗ്രന്ഥങ്ങൾ, അപൂർവ ശിലാഫലകങ്ങൾ, പഴയകാല പാനീസുകൾ, റാന്തൽ വിളക്കുകൾ, നാണയങ്ങൾ, ഗ്രാമഫോൺ, അടുത്ത കാലത്ത് ഓർമയായ വൈദ്യുത ഉപകരണങ്ങൾ, പഴയ കാല കൃഷി ആയുധങ്ങൾ, ഗൃഹോപകരണങ്ങൾ, ടെലഫോൺ, ഫാക്സ്, പഴയ ടി.വി തുടങ്ങി അനവധി ഉപകരണങ്ങൾ സ്കൂൾ മ്യൂസിയത്തിൽ ദാമോദരൻ നമ്പൂതിരി ഒരുക്കിയിട്ടുണ്ട്. ഇവ നിധി പോലെ സൂക്ഷിക്കുന്നു.
സ്കൂൾ മാനേജർ അശറഫ് പുളിക്കലകത്തിന്റെ സ്കൂൾ വികസന കാഴ്ചപ്പാടിനൊപ്പം പ്രിൻസിപ്പൽ എ. ജാസ്മിൻ, പ്രധാനാധ്യാപകൻ ഇ.ഒ. ഫൈസൽ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ലത്വീഫ് തെക്കേപ്പാട്ട്, അധ്യാപകരായ നജ്മുന്നിസ, ഷക്കീല, വിധു എന്നിവരുടെ പിന്തുണയും മ്യൂസിയം പദ്ധതിയുമായി മുന്നോട്ടു പോകാൻ ദാമോദരൻ നമ്പൂതിരിക്ക് തുണയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.