പിടിയിലായ പ്രതികൾ
കൊണ്ടോട്ടി: കാര്‍ തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന 20 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ആറുപേരെ കരിപ്പൂര്‍ പൊലീസ് പിടികൂടി. കരിപ്പൂര്‍ സ്വദേശികളായ വീരാശ്ശേരി വീട്ടില്‍ പി.വി. നിസാര്‍ (31), പൂളക്കത്തൊടി വീട്ടില്‍ മുഹമ്മദ് കെ.സി. ഷഫീഖ് (33), നയാബസാര്‍ ചീക്കുകണ്ടി വീട്ടില്‍ അബ്ദു നാസര്‍(35), കുളത്തൂര്‍ പൂളക്കത്തൊടി സൈനുല്‍ ആബിദ് (25) ഇരിമ്പിളിയം കുന്നത്തൊടി വീട്ടില്‍ ഇര്‍ഷാദ് (31), പെരുവള്ളൂര്‍ ചോലക്കല്‍ വീട്ടില്‍ മുഹമ്മദ് എ.പി. മുസ്ഫര്‍ (31) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി സ്വദേശിയായ മുസ്തഫയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ പിന്തുടര്ന്നെത്തിയ സംഘം കരിപ്പൂര്‍ സ്റ്റേഷന് പരിധിയിലെ നെടുംകളരിയില് വെച്ച് തടഞ്ഞ് ചില്ല് തകര്‍ത്ത് ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
മുസ്തഫയുടെ പരാതിയില്‍ കേസെടുത്ത കരിപ്പൂര്‍ പൊലീസ് മേഖലയിലെ നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങളും 30ാളം പേരുടെ ഫോണ്‍ നമ്പറുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ കൃത്യത്തിനുപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാര്‍ കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. കാര്‍ വാടകക്കെടുത്ത് കൃത്യത്തിനായി നല്‍കിയത് അറസ്റ്റിലായ നിസാറാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളേയും കണ്ടെത്താനായത്.
കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. അബ്ബാസലിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ മുരളീധരന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിനോജ്, ശ്രീകാന്ത്, പ്രശാന്ത്, കൊണ്ടോട്ടി സബ് ഡിവിഷന് ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന് അനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.