മഴ പെയ്ത് വെള്ളം നിറഞ്ഞ മലപ്പുറം ഗവ. കോളജ് ഫിസിക്സ് ലാബ്
മലപ്പുറം: ചോർച്ചയും മേൽക്കൂരയുടെ പാളികളും സീലിങും അടർന്ന് വീഴലുമായി അപകട ഭീഷണി ഉയർത്തി മലപ്പുറം ഗവ. കോളജ് സയൻസ് ബ്ലോക്ക് കെട്ടിടം. ശക്തമായ മഴ പെയ്താൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ബിരുദ, ബിരുദാനന്തര ക്ലാസ് മുറികളും ലാബും ഹിസ്റ്ററി വിഭാഗം ക്ലാസ് മുറികളും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ഫിസിക്സ് ലാബിലെ ചോർച്ച കാരണം മഴ പെയ്താൽ കുട്ടികളെ ലാബിലേക്ക് കടത്തി വിടാറില്ല. ചോർച്ച കാരണം ലാബിൽ നിന്ന് ഷോക്കേൽക്കാനുള്ള സാധ്യത കാരണമാണ് പ്രവേശനം വിലക്കുന്നത്. ക്ലാസ് മുറികളുടെ മേൽക്കൂരയുടെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് കാരണം വിദ്യാർഥികൾ ഭീതിയിലാണ്. വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല.
2014 മേയ് 11ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വോട്ട് പെട്ടി സൂക്ഷിക്കാനായി സ്ട്രോങ് റൂമായി കോളജ് പ്രവർത്തിപ്പിച്ചപ്പോഴും കെട്ടിടത്തിൽ സീലിങ് അടർന്ന് വീണിരുന്നു. കാവൽ ഒരുക്കിയ കേന്ദ്ര സേനക്ക് വിശ്രമത്തിന് അനുവദിച്ച മുറിയുടെ സീലിങ്ങാണ് അന്ന് അടർന്ന് വീണത്. ഈ സമയം കേന്ദ്ര സേനാംഗങ്ങൾ മുറിയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു സേനാംഗത്തിന്റെ ദേഹത്തേക്കാണ് സിലിങ് വീണത്. സംഭവത്തിൽ സേനാംഗത്തിന് നിസാര പരിക്കേൽക്കുകയും ചെയ്തു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
കോളജിലെ ക്ലാസ് മുറിയിലെ സീലിങ് അടർന്ന് പോയപ്പോൾ
1972ൽ സിവിൽ സ്റ്റേഷനായി നിർമിച്ച കെട്ടിടത്തിലാണ് മുണ്ടുപറമ്പിലെ ഗവ. കോളജ് പ്രവർത്തിക്കുന്നത്. പ്രധാന കെട്ടിടത്തോട് ചേർന്ന് 1992ൽ സയൻസ് ബ്ലോക്ക് നിർമിച്ചത്. ഈ ബ്ലോക്കിനു മുകളിൽ ഷീറ്റ് ഇടുന്നതിന് 2023 നവംബറിലാണ്. റൂസ പദ്ധതി വഴി പാസായ 50 ലക്ഷം രൂപ കോളജ് മരാമത്ത് വിഭാഗത്തിന് കൈമാറിയിരുന്നു. ഇതിന് ടെൻഡറും ആയി. തുടർന്ന് കരാറുകാരൻ മുകളിൽ ഷീറ്റ് ഇടാൻ ചെറിയ തൂൺ സ്ഥാപിക്കുന്നതിനായി കോൺക്രീറ്റിനു മുകളിൽ 25 ഓളം കുഴികൾ സ്ഥാപിച്ചു.
തുടർന്ന് പ്രവൃത്തി പാതിവഴിയിൽ നിലക്കുകയായിരുന്നു. ഇതോടെ മഴ പെയ്താൽ കോൺക്രീറ്റ് ചോർന്നൊലിക്കുന്ന അവസ്ഥയാണ്. പലതവണ വിഷയം കോളജ് അധികൃതർ കോളജ് ഡയറക്ടറേറ്റിലും വകുപ്പ് മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അറ്റകുറ്റപ്പണി പുനരാരംഭിക്കാൻ നടപടിയായില്ല. അന്ന് ഉണ്ടായിരുന്ന എൻജിനീയർ സ്ഥലം മാറി പോയെങ്കിലും പകരം വന്നവരും ഇതിന് പരിഹാരം കണ്ടില്ല. ഇതോടെ മഴ പെയ്താൽ സയൻസ് ബ്ലോക്കിലെ ക്ലാസ് മുറികളും സയൻസ് ലാബ് അടക്കം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കോളജിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ചോർന്നൊലിക്കുന്ന ക്ലാസ് മുറികളുടെ ചോർച്ച പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കോളജ് യൂനിയൻ കോളജിൽ പ്രതിഷേധം നടത്തി. ബുധനാഴ്ച രാവിലെ 11 ഓടെ വിദ്യാർഥികളുടെ നേതൃത്വത്തിൽ കോളജിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് കോളജ് മാഗസിൻ എഡിറ്റർ മുഫ്്ലിഹ്, ഭാരവാഹികളായ മുഹമ്മദ് ഹനീൻ, സിൽജാസ് ഉമ്മർ, നന്ദന, വിദ്യാർഥി സംഘടന പ്രവർത്തകരായ ഷിബിലി, ഇജാസ്, ഷാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.
മലപ്പുറം ഗവ. കോളജ് കെട്ടിടത്തിലെ ചോർച്ച പരിഹരിക്കണമെന്ന് ആവശ്യപെട്ട് വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ
ക്ലാസ് മുറികളുടെ ചോർച്ച അടിയന്തരമായി പരിഹരിക്കണമെന്നു കഴിഞ്ഞ ദിവസം കോളജ് ഡെവലപ്മെൻറ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ വി.ആർ. വിനോദിനെ ധരിപ്പിച്ചതായി പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട അറിയിച്ചു. നിലവിലെ അവസ്ഥകളും കലക്ടറെ ബോധിപ്പിച്ചിരുന്നു. മരാമത്തു വിഭാഗവുമായി കലക്ടർ ചർച്ച നടത്തിയിരുന്നു. പുതിയ എക്സിക്യൂട്ടീവ് എൻജിനീയർ ചാർജെടുക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.