മലപ്പുറം: കനത്ത വേനൽച്ചൂടിൽ ചുട്ടുപൊള്ളി മലപ്പുറം. ഉഷ്ണതരംഗസാധ്യത നിലനിൽക്കുന്നതിനാൽ പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ മലപ്പുറവും ഉൾപ്പെടുന്നു. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ചൂടു കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് സൂചികയും പലയിടത്തും അപകടകരമായ നിലയിൽ ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ഉയർന്ന ചൂട് നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും.
സൂര്യാതപമേൽക്കുന്ന സംഭവങ്ങളും ജില്ലയിൽ വർധിച്ചുവരുന്നുണ്ട്. ഒരാഴ്ചക്കിടെ ഒമ്പതു പേർക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ രണ്ടു പേർക്ക് സൂര്യാതപമേറ്റിരുന്നു. വ്യാഴാഴ്ച വണ്ടൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിക്കും സൂര്യാതപമേറ്റു. ജില്ലയിൽ പലയിടത്തും കിണറുകളും ജലാശയങ്ങളും വറ്റിവരണ്ട് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ചിലയിടങ്ങളിൽ പാർട്ടികളും സന്നദ്ധ സംഘടനകളും ക്ലബുകളും വാഹനങ്ങളിൽ സൗജന്യമായി വെള്ളം എത്തിച്ചുനൽകുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ല. ചിലർ കാശുകൊടുത്ത് വെള്ളം വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. കാട്ടിലും കനത്ത കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതോടെ ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൻചോല ആദിവാസിനഗറിലെ 24 കുടുംബങ്ങൾ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയുടെ തീരത്തേക്ക് താമസം മാറ്റിയിരുന്നു.
ജില്ലയിലെ ഏക ജലവൈദ്യുതി പദ്ധതിയായ ആഢ്യൻപാറയിൽ ജലലഭ്യത കുറഞ്ഞതിനാൽ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചൂട് വർധിച്ചത് കാർഷിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കി. കനത്ത ജലക്ഷാമം കൂടിയായതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി. ജില്ലയിൽ ഏക്കർകണക്കിന് പാടങ്ങളാണ് കരിഞ്ഞുണങ്ങി നശിച്ചത്. ഇതുവഴി കർഷകർക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
വേനൽ കടുത്തതോടെ തീപിടിത്ത കേസുകളിലും വൻ വർധനയുണ്ട്. ഈവർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ 490 തീപിടിത്ത കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും പുൽക്കാടുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കും തീപിടിച്ച സംഭവങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.