ആലിക്കോയ
പരപ്പനങ്ങാടി: ഓർമയായ ചെട്ടിപ്പടി ആലുങ്ങൽ കടപ്പുറം സ്വദേശി പരിന്റെപുരക്കൽ ആലിക്കോയ കടലാമകളുടെ സംരക്ഷകനായിരുന്നു. വംശനാശം നേരിടുന്ന കടലാമകളുടെ മുട്ടകൾ ശേഖരിച്ച് വിരിയിച്ചെടുത്ത് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഒഴുക്കിയിരുന്ന അപൂർവ വ്യക്തിത്വമാണ് ഈ സഹജീവി സ്നേഹി.
അർധരാത്രി മുതൽ നേരം പുലരുവോളം ഉറക്കമൊഴിച്ച് മുദിയം ബീച്ചിലും പരിസരങ്ങളിലെ കടപ്പുറങ്ങളിലും കണ്ണിമവെട്ടാതെ കടലാമ മുട്ടകൾ ശേഖരിച്ച്, ബീച്ചിൽ സർക്കാർ ഏർപ്പെടുത്തിയ ആമ ഹാച്ചറികളിൽ വിരിയിച്ചെടുത്ത് കടലിലേക്ക് ഒഴുക്കിവിട്ടിരുന്ന തൊഴിലിൽ ആനന്ദം കണ്ടെത്തിയിരുന്നു ആലിക്കോയ.സംസ്ഥാന ഫിഷറീസ് വകുപ്പ് ചെറിയൊരു വേതനം നൽകി ഏൽപിച്ച ദൗത്യം കാൽനൂറ്റാണ്ടിലധികം വിജയകരമായി കൊണ്ടുനടന്നു.
തീരത്തിന്റെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റത്തെത്തുടർന്ന് അഞ്ചു വർഷത്തിലേറെയായി കടലാമകൾ തീരത്ത് മുട്ടയിടാൻ വരാതായതോടെ ആലിക്കോയയുടെ ജോലിയും സേവനവും ഇല്ലാതായി. പിന്നീടുള്ള കാലം ഇദ്ദേഹം സജീവ കമ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനായി. ആലിക്കോയയുടെ നിര്യാണത്തിൽ മുനിസിപ്പൽ ഇടതുമുന്നണി അധ്യക്ഷൻ ഗിരീഷ് തോട്ടത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.