മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സർവിസ് വിഭാഗത്തില്‍പ്പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്നുമുതല്‍ നടക്കും. പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കൻഡറി സ്കൂളും വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റ് കോൺഫറന്‍സ് ഹാളുമാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററായി സജ്ജീകരിച്ചിട്ടുള്ളത്. 20, 21, 22 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ ഇവിടെയെത്തി വോട്ട് രേഖപ്പെടുത്താം.
തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പു ദിവസം മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങളില്‍ ഡ്യൂട്ടിയിലുള്ളവരും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവരുമായ വോട്ടര്‍മാര്‍ക്ക് ഈ മാസം 23, 24 തീയതികളിലാണ് പോസ്റ്റല്‍ വോട്ടെടുപ്പ് നടക്കുക.
മലപ്പുറം എം.എസ്.പി ഹയര്‍ സെക്കൻഡറി സ്കൂളില്‍ സജ്ജീകരിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയങ്ങളില്‍ എത്തിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.