കെ.പി. നൗഷാദ് അലി എം.എൽ.എ മാരിടൈം ബോർഡ് എം.ഡി ജറോമിക് ജോർജുമായി ചർച്ച നടത്തുന്നു

പൊന്നാനിയിൽ കപ്പൽ നിർമാണശാല വരില്ലെന്ന് ഉറപ്പായി

പൊന്നാനി: പൊന്നാനി തുറമുഖത്ത് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ച കപ്പൽ നിർമാണ ശാല വരില്ലെന്ന് ഉറപ്പായി. കെ.പി. നൗഷാദ് അലി എം.എൽ.എ മാരിടൈം ബോർഡ് എം.ഡി ജറോമിക് ജോർജുമായി ഇതു സംബന്ധിച്ച് വിശദ ചർച്ച നടത്തി. ചില സ്വകാര്യ വ്യക്തികൾ അവരുടെ വെസ്സൽ നിർമാണ സംരംഭം ആരംഭിക്കാൻ പൊന്നാനി ഹാർബറിലെ കണ്ണായ ഭൂമി ലക്ഷ്യം വെച്ച് നടത്തുന്ന നീക്കങ്ങൾക്ക് പൊതു വികസനവുമായി ബന്ധമില്ലെന്ന് എം.എൽ.എ പറഞ്ഞു.

കപ്പൽ നിർമാണം, തുറമുഖ വികസനം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കാൻ ശ്രമിച്ചാൽ അതിൽ വീണുപോകുന്നവരല്ല പൊന്നാനിക്കാരെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് കെ.പി. നൗഷാദ് അലി അഭിപ്രായപ്പെട്ടു. വെസ്സൽ നിർമാണമുൾപ്പടെ ഏതു സംരംഭവും ചെയ്യാൻ ആളുകൾക്ക് അവകാശമുണ്ട്. സ്വന്തമായി ഭൂമി വാങ്ങി അതു ചെയ്താൽ വേണ്ട പിന്തുണ നൽകും. അതിനു പകരം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം അടച്ച് ചുളുവിൽ കണ്ണായ ഭൂമി തരപ്പെടുത്താനുള്ള കുതന്ത്രങ്ങൾ വിലപ്പോവുകയില്ല. സർക്കാർ ഭൂമി ലഭിക്കുന്ന പക്ഷം വെസ്സൽ നിർമാണത്തിന് ഹൈദരാബാദിൽ നിന്ന് വരുന്ന ഒരു കമ്പനിയുടെ ആവശ്യം പൊന്നാനിയിലില്ല. സർക്കാർ ഭൂമി വിട്ടു കിട്ടുന്ന പക്ഷം തീരദേശത്ത് സഹകരണ സംഘം രൂപവത്കരിച്ച് വെസ്സൽ നിർമാണത്തിന് മുൻകൈയെടുക്കാൻ സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.

മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ആനുപാതിക വികസന കുതിച്ചുചാട്ടം പൊന്നാനി തുറമുഖത്തിനുണ്ടാവും. സ്വകാര്യ സംരംഭവുമായി കടന്നുവന്ന് ഭൂമി കൈയേറിയാൽ അതു മിഷൻ സമുദ്രക്ക് വിഘാതമാകും. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് പോർട്ട് വികസനവുമായി ബന്ധപ്പെട്ട് കരാർ അന്തിമമാക്കിയ കമ്പനിയെ തുരത്തിയാണ് സ്വകാര്യ വ്യക്തികൾക്ക് പൊന്നാനി ഹാർബർ ഒഴിപ്പിച്ച് തീറെഴുതാൻ പിണറായി സർക്കാർ തിടുക്കം കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. 1.75% ലാഭം സർക്കാറിന് വാഗ്ദാനം ചെയ്താണ് ഹൈദരബാദ് കമ്പനി മുന്നോട്ടുവന്നത്. ഇതിന്റെ പത്തിരട്ടി ലാഭം സർക്കാറിന് നൽകി സമാന സംരംഭം തുടങ്ങാൻ കഴിവുള്ള ഒരു ഡസൻ പേരെങ്കിലും പൊന്നാനിയിൽ മാത്രമുണ്ടെന്നും തിടുക്കപ്പെട്ട് കപ്പൽ നിർമാണ ശാല നിർമിക്കാനുള്ള നീക്കം ദുരൂഹമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

അടുത്തമാസം കപ്പല്‍നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങുമെന്നും 2027 ഡിസംബറില്‍ ആദ്യ കപ്പല്‍ പുറത്തിറക്കുമെന്ന തരത്തിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. പരമാവധി 120 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ പൊന്നാനിയില്‍ നിര്‍മിക്കുമെന്നാണ് അവകാശവാദം. കൂടുതല്‍ പഠനങ്ങള്‍ നടത്താതെ തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ദുരൂഹതയുണര്‍ത്തുന്നത്.

Tags:    
News Summary - It is certain that there will be no shipyard in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.