കൊണ്ടോട്ടിയിലെ ഗതാഗതപ്രശ്നം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാത നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. റോഡ് നവീകരണം അനന്തമായി നീളുന്നത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സംഘടന കൊണ്ടോട്ടി യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് പ്രതിഷേധ പ്രകടനവും നടത്തും.
റോഡ് നവീകരണപ്രവൃത്തികൾ നഗരത്തിൽ ആരംഭിച്ചെങ്കിലും കടുത്ത ഗതാഗതക്കുരുക്കിനും പൊടിശല്യത്തിനും പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിൽ പരസ്യപ്രതിഷേധമല്ലാതെ പോംവഴിയില്ലെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. മഴ മാറിയാൽ ഉടൻ ടാറിങ് നടത്തുമെന്ന് ഉറപ്പുനൽകിയ അധികൃതർ, ദിവസങ്ങളായി തെളിഞ്ഞ കാലാവസ്ഥ നിലനിന്നിട്ടും പ്രവൃത്തി പുനരാരംഭിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി. നിലവിൽ കൊണ്ടോട്ടി നഗരത്തിൽ പ്രവർത്തിക്കുന്ന 800ഓളം വ്യാപാരികളുടെയും ആയിരത്തിലധികം സ്ഥാപനങ്ങളുടെയും നിലനിൽപുതന്നെ ഇക്കാരണത്താൽ അപകടത്തിലായ അവസ്ഥയിലാണ്. ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന 5000ത്തിലധികം തൊഴിലാളികളുടെയും വ്യാപാരികളുടെയും കുടുംബങ്ങളുടെ ഉപജീവനത്തെയാണ് റോഡ് പണിയുടെ വൈകൽ സാരമായി ബാധിക്കുന്നതെന്ന് വ്യാപാരി പ്രതിനിധികൾ ആരോപിച്ചു.
തകർന്നടിഞ്ഞ നിരത്തും പൊടിശല്യവും വ്യാപാര മേഖലയിൽ കടുത്ത പ്രതിസന്ധി തീർക്കുന്നത് നേരത്തേ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. റോഡിലെ അതിരൂക്ഷമായ പൊടിശല്യം കാരണം സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ നശിക്കുകയാണെന്നും വ്യാപാരികളും തൊഴിലാളികളും തൊഴിൽപ്രതിസന്ധിക്കൊപ്പം ആരോഗ്യ പ്രയാസങ്ങളും നേരിടുന്ന ഘട്ടത്തിൽ പരസ്യപ്രതിഷേധം മാത്രമാണ് പോംവഴിയെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10ന് നഗരത്തിൽ നടക്കുന്ന ബഹുജന പ്രതിഷേധ പ്രകടനത്തിനുശേഷവും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ നഗരത്തിൽ അനിശ്ചിതകാല കടയടപ്പ് സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികളിലേക്ക് കടക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശാദി മുസ്തഫ, ജനറൽ സെക്രട്ടറി അനീസ് ചുണ്ടക്കാടൻ, ട്രഷറർ യു.കെ. അബ്ദുറസാഖ്, യൂത്ത് വിങ് പ്രസിഡന്റ് സഫീർ ബഡാബസാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
‘ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം വേണം’
കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടിയിലെ രൂക്ഷമായ ഗതാഗതസ്തംഭനത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി. കൊണ്ടോട്ടി യൂനിറ്റ് കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്ത്. മികച്ച നഗരാസൂത്രണത്തിലൂടെ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തി മാത്രമേ ഗതാഗതസംവിധാനങ്ങൾ സുഗമമാക്കാൻ സാധിക്കുകയുള്ളൂയെന്നും ഇക്കാര്യത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മെഹർ മൻസൂർ, കെ. റഷീദലി, സ്വാമി പറമ്പൻ, എ.പി. അബ്ദുൽ ഹമീദ്, നജ്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.