കരിപ്പൂർ വിമാനത്താവള സി.ഇ.ആർ ഫണ്ട് നാട്ടിൽ വിനിയോഗിക്കാൻ ധാരണ; വെള്ളക്കെട്ട് പരിഹരിക്കാൻ മൂന്നരക്കോടി രൂപ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കോര്‍പറേറ്റ് എന്‍വയോണ്‍മെന്റല്‍ റെസ്പോണ്സിബിലിറ്റി (സി.ഇ.ആര്) ഫണ്ട് വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്കും വികസനത്തിനുമായി വിനിയോഗിക്കാന്‍ ധാരണ. മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം. നേരത്തെ വിമാനത്താവള പരിസരത്തെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുക അനുവദിക്കാതെ സി.ഇ.ആര് ഫണ്ടിന്റെ ഭൂരിഭാഗവും കണ്ണൂര്‍ പിണറായിയിലെ വയോജന മന്ദിരം പദ്ധതിക്ക് അനുവദിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫണ്ട് വിനിയോഗം സംബന്ധിച്ച് പുതിയ ധാരണ.
മഴ പെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വെള്ളവും മാലിന്യങ്ങളും വന്‍തോതില്‍ താഴെ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊലിച്ചെത്തുന്നത് വ്യാപക പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്.
ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ 3.5 കോടി രൂപ സി.ഇ.ആര് ഫണ്ടില്‍ നിന്ന് അനുവദിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ പരിഹാര സംവിധാനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുകയെന്ന് യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യമേഖലയിലും സഹായം ലഭ്യമാകും. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് 10 ഡയാലിസിസ് മെഷീനുകള്‍ ലഭ്യമാക്കും. വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തെ അപകടസാധ്യതയുള്ള എസ് വളവ് നികത്തി റോഡ് നവീകരിക്കുന്നതിനുള്ള നിരാക്ഷേപ പത്രം ഉടന്‍ നല്‍കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഏറെക്കാലമായി പ്രദേശവാസികള്‍ ഉന്നയിച്ചുവരുന്ന പ്രധാന റോഡ് സുരക്ഷാ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. വിമാനത്താവള പരിസരത്ത് വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗത്തില്‍ ചര്‍ച്ചയായി.
ഇക്കാര്യത്തില്‍ കലക്ടര്‍ പ്രത്യേകമായി പുനപരിശോധന നടത്തും. വിമാനത്താവളത്തിലെ വിവിധ തൊഴിലവസരങ്ങളില്‍ തദ്ദേശവാസികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനായി പ്രദേശവാസികളായ ഉദ്യോഗാര്‍ഥികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി വിമാനത്താവള അധികൃതര്‍ക്ക് കൈമാറും.
യോഗത്തിൽ കലക്ടര്‍ ഡോ.വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, വിമാനത്താവള ഡയറക്ടര്‍ മുകേഷ് യാദവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.