ഇലക്ട്രിക് ബസുകളുടെ ഹബ്ബാകാൻ പൊന്നാനി
പൊന്നാനി: പി.എം ഇ-സേവ ശ്രേണിയിൽ 50 ഇലക്ട്രിക് ബസുകളുടെ ഹബ്ബായി പൊന്നാനിയെ പരിഗണിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അന്തിമമാക്കി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഈ മാസം തന്നെ സർക്കാറിന് ശിപാർശ സമർപ്പിക്കും.
പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നാലേക്കറോളം വരുന്ന വിശാലമായ യാർഡാണ് ഇലക്ട്രിക് ബസ് ഹബ്ബിനായി പൊന്നാനിയെ പരിഗണിക്കുന്നതിന് പ്രധാന അനുകൂല ഘടകമായത്. പദ്ധതി യാഥാർഥ്യമായാൽ പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനത്തിനും പൊതുഗതാഗത മേഖലക്കും വലിയ മുന്നേറ്റമാകും. കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തുന്നതോടെ നിലവിലുള്ള സർവിസുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ റൂട്ടുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
ഇതോടൊപ്പം പൊന്നാനി ഡിപ്പോയിൽ മുടങ്ങിക്കിടക്കുന്ന സർവിസുകൾ പുനരാരംഭിക്കാനും ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താനും തീരുമാനമായി.
ഗതാഗത മന്ത്രി സി.പി. ജോണുമായും കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കറുമായും കെ.പി. നൗഷാദ് അലി എം.എൽ.എ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകൾക്ക് ഗ്രാമവണ്ടി അനുവദിക്കാനും ധാരണയായി. പൊന്നാനി ഡിപ്പോയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി 17 ഡ്രൈവർമാരുടെയും 11 വീതം കണ്ടക്ടർ, സ്വിഫ്റ്റ് ജീവനക്കാരുടെയും ഒഴിവുകൾ ഉടൻ നികത്താനും തീരുമാനിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ലഭ്യത ഉറപ്പാകുന്നതോടെ നിലവിൽ ജീവനക്കാരുടെ അഭാവം മൂലം മുടങ്ങിക്കിടക്കുന്ന മുഴുവൻ സർവിസുകളും പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഡിപ്പോയിലെ വർക്ക്ഷോപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി അടിയന്തരമായി നാലര ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. പൊന്നാനിയെ ഇലക്ട്രിക് ബസ് ഹബ്ബായി ഉയർത്തുന്നതിനുള്ള നീക്കവും നിലവിലുള്ള സർവിസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ഒരേസമയം മുന്നോട്ടുപോകുന്നത് ഡിപ്പോയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.