പൊന്നാനി: ഓരോ കടലാക്രമണസമയത്തും കടൽഭിത്തി നിർമിക്കുമെന്ന അധികൃതരുടെ പാഴ് വാക്ക് വിശ്വസിച്ച കടലോരവാസികൾക്ക് ഈ കടലാക്രമണത്തിലും സ്വസ്ഥതയോടെ വീടുകളിൽ കിടന്നുറങ്ങാനാകില്ല. പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരദേശ മേഖലയിൽ പുതുതായി നിർമിച്ചത് 1100 മീറ്റർ മാത്രം കടൽഭിത്തി.
കടൽഭിത്തി നിർമിക്കാൻ പുതിയ ബജറ്റിൽ വകയിരുത്തിയത് വെറും മൂന്നു കോടി രൂപ മാത്രം. പൊന്നാനി മണ്ഡലത്തിൽ കടൽഭിത്തി നിർമിക്കാൻ മൂന്നു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് ആക്ഷേപം. ഇപ്പോൾ വേലിയേറ്റസമയങ്ങളിൽ കടൽ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. കടലാക്രമണബാധിതപ്രദേശമായ പൊന്നാനി മുറിഞ്ഞഴി ഭാഗത്തേക്ക് എം.എൽ.എ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും പ്രദേശവാസികൾക്കിടയിലുണ്ട്.
പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ 11 കിലോമീറ്ററിലധികം പരിധിയിൽ വെറും 1100 മീറ്റർ ഭാഗമാണ് 10 കോടി ചെലവഴിച്ച് നേരത്തേ കടൽഭിത്തി നിർമിച്ചത്. ഇതിൽ പൊന്നാനി നഗരസഭ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം, വെളിയങ്കോട് തണ്ണിത്തുറയിൽ 235 മീറ്റർ, പാലപ്പെട്ടിയിൽ 250 മീറ്റർ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച ഇടങ്ങളിൽതന്നെ ചെറിയ കല്ലുകളിട്ടതിനാൽ ഇത് കടലാക്രമണത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല.
കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ് കോളജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. നേരത്തേയുണ്ടായ കടലാക്രമണങ്ങളിൽ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്. ഇതിനാൽ വീണ്ടുമൊരു കടലാക്രമണമുണ്ടായാൽ വലിയ നാശനഷ്ടമാകും സംഭവിക്കുക.
അതേസമയം, താലൂക്കിൽ പൂർണമായും ടെട്രാപോഡ് സംവിധാനത്തിൽ സുരക്ഷാഭിത്തി നിർമിക്കുന്നതിന് ചെല്ലാനത്തുനിന്നുള്ള സാങ്കേതിക വിദഗ്ധർ പൊന്നാനി താലൂക്കിലെ തീരമേഖലകളിൽ പഠനം നടത്തിയിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാത്രമുള്ള കടൽഭിത്തി നിർമാണം കടലാക്രമണസമയത്ത് കൂടുതൽ ദുരിതം വിതക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.