മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ പരിധിയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിതുടങ്ങി. ഇതുപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വീടുകള്‍തോറും നടത്തിയ പരിശോധനയില്‍ കൊതുകുകള്‍ കൂടുതല്പെരുകുന്നതിന് കാരണമായ ചുറ്റുപാടുകളുള്ള അഞ്ച് വീടുകള്‍ക്ക് കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്കി. ഇവര്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
കൊതുക് കൂത്താടികള്‍ വളരുന്ന സാഹചര്യം കണ്ടെത്തിയാല്‍ 10,000 രൂപവരെ പിഴയും മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് 25000 രൂപ പിഴയും മൂന്നുവര്‍ഷംവരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധനയും നടപടികളും ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞദിവസം നായാടിക്കുന്ന്, നാരങ്ങപ്പറ്റ ഭാഗങ്ങളിലെ വീടുകളിലെത്തി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മാര്‍ഗനിർദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ സ്ഥലങ്ങളില്‍തന്നെ പരിശോധന നടത്തിയപ്പോഴാണ് വീട്ടുകാര്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നോട്ടീസ് നല്‍കുകയായിരുന്നു. പെരിമ്പടാരി പോത്തോഴിക്കാവ് ഭാഗത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ഇവിടെ കൊതുക് സാന്ദ്രതാപഠനം നടത്തുകയുണ്ടായി. ഡെങ്കിപ്പനിയുൾപ്പെടെ രോഗങ്ങള്‍ പടരാന്‍ ഇവിടെ സാധ്യത കൂടുതലാണെന്നും കണ്ടെത്തി. ഇതുപ്രകാരം ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇവിടെ വീണ്ടും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. സുരേഷ്, സുനില്‍ എന്നിവര്‍ നേതൃത്വം നല്കി. വാര്‍ഡ് കൗണ്‍സിലര്‍ സി.മുഹമ്മദ് ബഷീര്‍, മറ്റു ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.