കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണ ബിസ്‌കറ്റ് വേട്ട

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പൊലീസിന്റെ വന്‍ കള്ളക്കടത്ത് സ്വര്‍ണവേട്ട. റിയാദില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സി വിളക്കിനുള്ളില്‍ ഒളിപ്പിച്ച 10 സ്വര്‍ണ ബിസ്‌കറ്റുകള്‍ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം കണ്ടെടുത്തു.

പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒരു കോടിയിലധികം രൂപ വില വരും. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ കുഴിമണ്ണ നീലക്കുഴിയില്‍ വീട്ടില്‍ അസ്‍ലം (38), ഇയാളെ സ്വീകരിക്കാനെത്തിയ കൊടുവള്ളി സ്വദേശികളായ അനസ്, ഹാരിസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്ത് ഇവരെ നോട്ടീസ് നല്‍കി വിട്ടയച്ചു. പിടികൂടിയ സ്വര്‍ണവും എമര്‍ജന്‍സി വിളക്കും വിശദമായ റിപ്പോര്‍ട്ടും കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് വിഭാഗത്തിന് കൈമാറി. വ്യാഴാഴ്ച രാവിലെയാണ് അസ്‍ലം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകളെ അതിജീവിച്ച് ഇയാൾ പുറത്തിറങ്ങുകയായിരുന്നു. ഇവിടെ വെച്ച് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ബാഗേജിലെ സാധനങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 1.166 കിലോ തൂക്കം വരും.

യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതിന് പിറകെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ അനസും ഹാരിസും പിടിയിലായത്. വലിയൊരു ഇടവേളക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് സജീവമായതോടെ പൊലീസ് ജാഗ്രതയിലാണ്. ജൂൺ 21ന് ഒരു കിലോയിലധികം തൂക്കം വരുന്ന മിശ്രിത രൂപത്തിലുള്ള കള്ളക്കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസിന്റെ പിടിയിലായിരുന്നു.

Tags:    
News Summary - Gold biscuits worth Rs 1 crore seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.