പരപ്പനങ്ങാടി: ഫിഷിങ് ഹാർബറിലെ പുലിമുട്ട് നിർമാണം പൂർത്തിയായതോടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഉടൻ നടത്തണമെന്ന ആവശ്യം ശക്തം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും തറക്കല്ലിട്ട ഹാർബറിന്റെ നിർമാണ പ്രവർത്തനം 2017ലാണ് ആരംഭിച്ചത്. 2023ൽ പ്രധാന ഘട്ടങ്ങൾ പൂർത്തിയാക്കി.
കോവിഡും കരിങ്കൽ ക്ഷാമവും കാലതാമസം വരുത്തിയെങ്കിലും അനുബന്ധ കെട്ടിടങ്ങളുടെ ജോലികളും ജെട്ടി നിർമാണവും നടന്നുവരികയാണ്. ഹാർബറിനോട് ചേർന്ന് 152 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള രണ്ട് പ്രധാന കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകാനുണ്ട്. മീൻകയറ്റാനുള്ള സൗകര്യങ്ങൾ, ഭക്ഷണശാല, ശൗച്യാലയം, ലേല പുരകൾ തുടങ്ങിയവ ഇതിലാണ് ഉൾപ്പെടുന്നത്. പുലിമുട്ട് നിർമാണം പൂർത്തിയായതോടെ വള്ളങ്ങൾക്ക് ഹാർബറിൽ സുരക്ഷിതമായി നിർത്താനും കരക്കടിപ്പിക്കാനും സാധിക്കുന്നുണ്ട്. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 113 കോടി രൂപ ചെലവിട്ടാണ് നിർമാണം നടന്നുവരുന്നത്. പ്രാദേശിക തർക്കം മൂത്ത് പദ്ധതി തന്നെ നഷ്ടമാകുമോ എന്ന ഘട്ടം വന്നിരുന്നു. പല വിധത്തിലുള്ള വാദഗതികൾ ഉയർന്നെങ്കിലും ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും തുടക്കം മുതൽ ചൂണ്ടിക്കാട്ടിയ ചാപ്പപ്പടിക്കും ചെട്ടിപ്പടിക്കും ഇടയിലുള്ള അങ്ങാടി കടപ്പുറം കേന്ദ്രീകരിച്ചാണ് ഹാർബർ യാഥാർഥ്യമാകുന്നത്.
പണി പൂർണമായും തീരാൻ നിൽക്കാതെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ് ഇടത് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഹാർബർ സമർപ്പണം തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമാക്കാനാകുമോ എന്ന ആലോചനയുമുണ്ട്. എന്നാൽ, ഹാർബറിന് ആദ്യമായി ബജറ്റിൽ പണം നീക്കിവെപ്പിച്ചത് യു.ഡി.എഫ് സർക്കാറാണെന്ന പ്രതിരോധം ഉയർത്തുകയാണ് പ്രാദേശിക യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.