കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ട പാലം നവീകരണവുമായി ബന്ധപ്പെട്ട് എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസറും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും സംബന്ധിച്ചു. 7.52 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. പാലത്തിന്റെ രൂപരേഖയെ കുറിച്ച് പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. വിനോദ് വിശദീകരിച്ചു.
എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. പാലത്തിന് ഫണ്ടും ഭരണാനുമതിയും ലഭിക്കുന്നതോടെ നടപടികൾ വേഗത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം നൽകാൻ നാട്ടുകാർ സഹകരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥലം നൽകുന്നതിനുള്ള സമ്മതപത്രവും നാട്ടുകാർ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. വലിയൊരു തുക ആവശ്യമായതിനാൽ സർക്കാർ പാലത്തിന് അനുമതി നൽകുമോ എന്ന സംശയം എം.എൽ.എ പ്രകടിപ്പിച്ചു.
ഭീമമായ തുകയുടെ പാലം നിർമിക്കുന്നതിന് പകരം പ്രദേശത്തുകാർക്ക് പ്രയോജനപ്പെടുന്ന രൂപത്തിൽ ഡിസൈനിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് പരിശോധിക്കാൻ എം.എൽ.എ അധികൃതർക്ക് നിർദേശം നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ, പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്ഥലം ഉടമകൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.