ആർ.എം.പി.ഐ നേതാവും നിയുക്ത എം.എൽ.എയുമായ കെ.കെ. രമ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയപ്പോൾ
മലപ്പുറം: തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിൽ സന്തോഷം പങ്കുവെക്കാൻ നിയുക്ത എം.എൽ.എമാരുടെയും നേതാക്കളുടെയും പാണക്കാടേക്കുള്ള വരവ് തുടരുന്നു. മേയ് നാലിന് ഫലം വന്നത് മുതൽ സന്തോഷം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലേക്ക് നേതാക്കളുടെ നീണ്ട നിരയായിരുന്നു. മുസ്‍ലിം ലീഗിന്റെയും മറ്റ് ഘടക കക്ഷികളുടെയും നേതാക്കളും പ്രവർത്തകരും വരെ സംഘത്തിലുണ്ടായിരുന്നു. ഇപ്പോഴും പാണക്കാട്ടേക്കുള്ള ഒഴുക്ക് തുടരുകയാണ്. ബുധനാഴ്ചയും നേതാക്കൾ പാണക്കാടെത്തി. ആർ.എം.പി.ഐ നേതാവും വടകരയിലെ നിയുക്ത എം.എൽ.എയുമായ കെ.കെ. രമ രാവിലെ പാണക്കാടെത്തി.
മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കെ.കെ. രമ മടങ്ങിയത്. താൻ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിൽ പാർട്ടി ആലോചിച്ച് തീരുമാനം എടുക്കുമെന്നും നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കെ.കെ. രമ സന്ദർശനവേളയിൽ പറഞ്ഞു. മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയും കൂത്തുപറമ്പ് സ്ഥാനാർഥിയുമായ ജയന്തി രാജൻ, തൃണമൂൽ കോൺഗ്രസ് നേതാവും ബേപ്പൂരിലെ സ്ഥാനാർഥിയുമായ പി.വി. അൻവർ, തിരൂരങ്ങാടിയിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി പി.എം.എ. ഷമീർ തുടങ്ങിയവരും ബുധനാഴ്ച പാണക്കാടെത്തി.
മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം മണ്ഡലം നിയുക്ത എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് പതിവ് സന്ദർശനത്തിനെത്തിയിരുന്നു. അടുത്ത ദിവസങ്ങളിലും മുസ്‍ലിം ലീഗിലെയും യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളുടെയും നേതാക്കൾ പാണക്കാട്ടേക്ക് എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.