പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാത പൂർണമായും ദേശീയപാത വിഭാഗത്തിന് കൈമാറിയതോടെ അനുമതിയായ നിർമാണവും നവീകരണവും പ്രതിസന്ധിയിലായി. ദേശീയപാത 966 (പഴയ 213) സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ ദേശീയപാത സംരക്ഷണ വിഭാഗത്തിെൻറ മേൽനോട്ടത്തിലായിരുന്നു. 2020 ഡിസംബറോടെ നാഷനൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ.െഎ) ഏറ്റെടുത്തതോടെ ഈ പാതയിൽ ഇനി നടക്കേണ്ട മുഴുവൻ നവീകരണവും നിർമാണങ്ങളും എൻ.എച്ച്.എയുടെ പൂർണ അനുമതിയോടെ മാത്രമേ സാധിക്കൂ. നേരത്തേ സംസ്ഥാന മരാമത്ത് വിഭാഗം തയാറാക്കി നൽകുന്ന പദ്ധതിക്ക് എൻ.എച്ച്.എ അനുമതി നൽകുകയും സംസ്ഥാന പൊതുമരാമത്ത് വിഭാഗം നടപ്പാക്കുകയുമായിരുന്നു. ഇത്തരത്തിൽ നേരത്തേ തയാറാക്കി നൽകി ഭരണാനുമതി ലഭിച്ച ഒാരാടംപാലം പുതുക്കിപ്പണിയൽ, തൊടൂകാപ്പ് പാലം പുതുക്കിപ്പണിയൽ പദ്ധതികൾ ഫലത്തിൽ നഷ്ടമായി.
പാലക്കാട് ചന്ദ്രനഗറിലും കോഴിക്കോട്ടും ദേശീയപാത വിഭാഗത്തിന് ഒാഫിസുണ്ട്. റോഡുവക്കിലെ ചെറിയ തുക ചെലവിട്ടുള്ള കാടുവെട്ടലടക്കം എൻ.എച്ച്.എയുടെ അനുമതിയോടെ മാത്രമേ ചെയ്യാനാവൂ. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഭാരത് മാത പ്രോജക്ടിെൻറ ഭാഗമായി കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാത പുതിയ അലൈൻമെൻറിൽ വരാനിരിക്കുകയാണ്. ആ പാത കടന്നുപോവുന്ന പ്രദേശം അന്തിമമായി തയാറാവുന്നതേയുള്ളൂ. കോഴിക്കോട് മുതൽ പാലക്കാട് വരെയാണ് ഉണ്ടാവുക. പുതിയ പാത വരുന്നതോടെ അതിനെ ദേശീയപാതയായി നിലനിർത്തുകയും നിലവിലെ കോഴിക്കോട്-പാലക്കാട് പാത സംസ്ഥാന മരാമത്ത് വിഭാഗത്തിനായി വിട്ടുനൽകുകയും ചെയ്യാനും സാധ്യതയുണ്ട്. കെട്ടിടങ്ങളും ടൗൺഷിപ്പും കുറഞ്ഞ അലൈൻമെൻറാണ് ഗ്രീൻഫീൽഡ് പാതക്ക് തെരഞ്ഞെടുക്കുന്നത്. നിലവിലെ സംസ്ഥാനപാത, ബൈപാസുകൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാട്ടി-മഞ്ചേരി, മണ്ണാർക്കാട് വഴി പാലക്കാട്ടെത്തിക്കുന്ന അലൈൻമെൻറാണ് ആലോചനയിൽ.
ഭരണാനുമതി ലഭിച്ചിട്ടും മുടങ്ങുന്നത് അപകടങ്ങളുടെ തുരുത്തായ പാലം
പെരിന്തൽമണ്ണ: പാത കൈമാറ്റത്തോടെ നഷ്ടമാവുന്നത് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അപകടം തുടർക്കഥയാവുന്ന അങ്ങാടിപ്പുറം ഒാരാടംപാലം പുതുക്കി നിർമിക്കൽ പദ്ധതി. നേരത്തേ പദ്ധതി തയാറാക്കി ഭരണാനുമതി (എ.എസ്) ലഭിച്ച എട്ടുകോടി രൂപയുടെ പാലം നിർമാണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ജനങ്ങൾ. വീതി കുറഞ്ഞ പാലത്തിെൻറ ഭിത്തി തകർത്ത് നിരവധി വാഹനങ്ങൾ താഴെ തോട്ടിൽ വീണിട്ടുണ്ട്. ഇത് പുതിക്കി നിർമിക്കാൻ പദ്ധതി തയാറാക്കി എൻ.എച്ച്.എക്ക് നൽകി ഭരണാനുമതിയായതിനു തൊട്ടുപിറകിലാണ് പാത പൂർണമായും എൻ.എച്ച്.എ ഏറ്റെടുത്ത് ഉത്തരവിറങ്ങുന്നത്. അനുമതിയായ എ.എസ് അതോടെ നഷ്ടമാവുകയായിരുന്നു. അങ്ങാടിപ്പുറം ഒാരാടംപാലം പുതുക്കിപ്പണിയാൻ പുതിയ എസ്റ്റിമേറ്റ് എൻ.എച്ച്.എ തയാറാക്കുകയോ സംസ്ഥാന മരാമത്തിെൻറ ആവശ്യപ്രകാരം നേരത്തേ അനുമതിയായ പദ്ധതി നടപ്പാക്കുകയോ വേണം. ഒാരാടംപാലത്തിനു പുറമെ നാട്ടുകല്ലിനു സമീപം തൊടൂകാപ്പിലെ ചെറിയ പാലവും പുതുക്കി നിർമിക്കാൻ പദ്ധതി നൽകിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.