കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രി ജനറൽ മാനേജർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി പോലീസ്. തിങ്കളാഴ്ച കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികൾ നൽകിയിരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരാണെന്നാണ് അറിയുന്നത്.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി ജനറൽ മാനേജറെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. നഴ്സിങ് അസിന്റ് അമീന ആത്മഹത്യ ചെയ്യാൻ കാരണം ജനറൽ മാനേജറുടെ മാനസിക പീഡനമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസ് സഹപ്രവർത്തകരുടെ മൊഴികളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിലും ജനറൽ മാനേജർക്ക് എതിരെ പരാതി ഉയർന്നിട്ടുണ്ട്. മരിച്ച അമീനയുടെ കുടുംബത്തെ കൂടി ചോദ്യം ചെയ്ത ശേഷമേ ജനറൽ മാനേജറെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തൂവെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ വിശദമായ പോസ്റ്റ്മോർട്ടം റിേപാർട്ട് ലഭിക്കും.
ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനിയായ അമീന (20) ആത്മഹത്യ ചെയ്തത്. ശനിയാഴ്ച് വൈകീട്ട് മൂന്ന് മണിയായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവർത്തകർ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളിൽ അബോധവസ്ഥയിൽ കണ്ടത്.
ശനിയാഴ്ച് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒൻപത് മണിയോടെയാണ് മരിച്ചത്. ഈ മാസം 15ന് ആശുപത്രിയിൽ നിന്നും പോകാൻ ഒരുങ്ങിയ അമീനക്ക് പരിചയ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ജനറൽ മാനേജർ പറഞ്ഞതായി സഹപ്രവർത്തകർ ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാരെ മാനേജർ വാക്കുകൾ കൊണ്ട് പീഡിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.