ജില്ലയിൽ പ്ലസ് വൺ സീറ്റിന്‍റെ അപര്യാപ്തതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ അപര്യാപ്തതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ എ.പി. അനിൽകുമാർ, പി. ഉബൈദുല്ല എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ കുറവുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

ജില്ലയിൽനിന്ന് ഈ വർഷം 77,691 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവർക്കായി ഇക്കുറി മുൻവർഷം ലഭിച്ച അതേ സീറ്റുകൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വണിന് ജില്ലയിൽ 67,106 സീറ്റ് ലഭ്യമാണെന്നാണ് മന്ത്രിയുടെ മറുപടി. ജയിച്ച എല്ലാ വിദ്യാർഥികളും ഹയർ സെക്കൻഡറി കോഴ്സുകൾ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്നില്ല.

ഐ.ടി.ഐ, പോളിടെക്നിക്, വി.എച്ച്.എസ്.ഇ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളും ധാരാളമുണ്ട്. ജില്ലയിലെ കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് അനുസരിച്ച് ശരാശരി 58,506 വിദ്യാർഥികൾ മാത്രമാണ് ഉപരിപഠനത്തിന് ഹയർ സെക്കൻഡറി കോഴ്സുകളിൽ ചേരുന്നത്. അതിനാൽ, ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ അപര്യാപ്തമാണെന്ന് കാണുന്നില്ലെന്നും ഉബൈദുല്ലക്ക് നൽകിയ മറുപടിയിൽ പറയുന്നു.

ഹയർ സെക്കൻഡറിയിൽ സർക്കാർ -31,395, എയ്ഡഡ് - 24,310, അൺ എയ്ഡഡ് -11,401 അടക്കം 67,106 സീറ്റുണ്ടെന്നാണ് അനിൽകുമാറിന് നൽകിയ മറുപടിയിലുള്ളത്. വി.എച്ച്.എസ്.ഇയിൽ സർക്കാർ -2580, എയ്ഡഡ് - 210 അടക്കം 2790 സീറ്റും ലഭ്യമാണ്. പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.പ്രവേശന നടപടികൾ അവലോകനം ചെയ്തശേഷം സീറ്റുകൾക്ക് അപര്യാപ്തത ഉണ്ടെന്ന് വ്യക്തമായാൽ ഉചിത തീരുമാനം കൈക്കൊള്ളുമെന്നുമാണ് മന്ത്രിയുടെ മറുപടി.

Tags:    
News Summary - no shortage of plus one seats in the district - Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.