പൊന്മള: കരാറുകാരന് പണം നൽകാതെ വന്നതോടെ പൊന്മള ഗ്രാമപഞ്ചായത്തിലെ കേടുവന്ന തെരുവുവിളക്ക് മാറ്റിസ്ഥാപിക്കൽ പദ്ധതി നിലച്ചു. അഞ്ച് വാർഡുകളിലെ കേടുവന്ന തെരുവുവിളക്കുകൾ മാറ്റി നൽകി ബിൽ സമർപ്പിച്ചിട്ടും തുക അനുവദിക്കാതെ വന്നതോടെ കരാറുകാരൻ പദ്ധതി നിർത്തിവെക്കുകയായിരുന്നു.
2023 ജൂൺ ഒമ്പതിനാണ് പദ്ധതി നടപ്പാക്കാൻ കരാറുകാരനുമായി പഞ്ചായത്ത് കരാറിലേർപ്പെട്ടത്. ജൂലൈ മാസത്തോടെ വാർഡ് അഞ്ച് ചാപ്പനങ്ങാടി, വാർഡ് ആറ് വട്ടപ്പറമ്പ്, വാർഡ് ഒമ്പത് ആക്കപ്പറമ്പ്, വാർഡ് 14 പറങ്കിമൂച്ചിക്കൽ, 15 പാറമ്മൽ എന്നിവിടങ്ങളിലെ കേടുവന്ന തെരുവുവിളക്കുകൾ നന്നാക്കുകയും
ചെയ്തു.
ആഗസ്റ്റ് 16ന് മാറ്റിയ വിളക്കുകളുടെ ബിൽ അനുവദിക്കണമെന്നു കാണിച്ച് കരാറുകാരൻ ബിൽ സമർപ്പിച്ചു. എന്നാൽ, തുക അനുവദിക്കാതെ വന്നതോടെ കരാറുകാരൻ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. പണം അനുവദിക്കുന്ന കാര്യം പരിശോധിക്കാൻ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം ചേർന്നെങ്കിലും തീരുമാനമായിട്ടില്ല.
വിഷയത്തിൽ നടപടി വേണമെന്ന് കാണിച്ച് കരാറുകാരൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ജില്ല കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പണി പൂർത്തീകരിച്ച വകയിൽ 1.5 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് കരാറുകാരൻ വ്യക്തമാക്കി.
വാർഡുകളിലെ കേടുവന്ന തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാൻ 4.95 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്തും കെ.എസ്.ഇ.ബിയും പണി പൂർത്തീകരിച്ച വാർഡുകളിലെത്തി സംയുക്ത പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷം പണം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊന്മള പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചട്ടിപ്പറമ്പ്, കോട്ടക്കൽ, ഒതുക്കുങ്ങൽ കെ.എസ്.ഇ.ബി പരിധികളിലായിട്ടാണ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.