മലപ്പുറം: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് വില്ലേജ് രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ നഷ്ടപരിഹാരം നൽകാനാവൂവെന്ന കേന്ദ്ര സർക്കാറിെൻറ ഉത്തരവ് വിവാദത്തിൽ. 2020 ആഗസ്റ്റ് 14ന് ഇറക്കിയ ഉത്തരവനുസരിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തരംമാറ്റിയ ഭൂമിക്കുപോലും വില്ലേജ് രേഖകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കുക.
മുമ്പ് നെൽവയലായിരുന്ന ഭൂമി കരഭൂമിയാക്കി തരംമാറ്റിയ നിരവധി പേർക്ക് യഥാർഥ വിലയുടെ പത്തിലൊന്ന് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂവെന്ന് ആശങ്കയുണ്ട്. ദേശീയപാതക്കായി ഭൂമി നഷ്ടപ്പെടുന്നവരിൽ ഈ രീതിയിൽ ഭൂമിയുള്ളവർ നിരവധി പേരുണ്ട്. 2008ന് മുമ്പ് തരംമാറ്റിയെന്ന് ഡാറ്റ ബാങ്കിൽ രേഖപ്പെടുത്തിയ ഭൂമിക്ക് കരഭൂമിക്ക് തുല്യമായ നഷ്ടപരിഹാരമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഭൂമിയുടെ തരംമാറ്റിയെങ്കിലും വില്ലേജ് രേഖകളിൽ മാറ്റാം വരുത്താതിരുന്നതാണ് പ്രശ്നമായത്. സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിത്. കേന്ദ്ര തീരുമാന പ്രകാരം ഇത്തരം ഭൂമിക്ക് വിജ്ഞാപന തീയതിയിൽ തരംമാറ്റിയ ഉത്തരവ് കൈവശമുണ്ടെങ്കിൽ മാത്രമേ കരഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കൂ.
കരഭൂമിയായി വർഷങ്ങളായി നികുതിയടക്കുന്ന ഭൂമിയാണെങ്കിലും വില്ലേജ് രേഖപ്രകാരം ഇതിൽ പലതും നെൽവയലായിരിക്കും. സർവേക്കെത്തിയ ഉദ്യോഗസ്ഥർ വിപണിവില ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. കേന്ദ്ര സർക്കാർ വിജ്ഞാപനങ്ങളിൽ കരഭൂമിയെന്ന് കാണിച്ചിരുന്നത് പോലും വില്ലേജ് രേഖയിൽ വയലാണ്. ഇതറിയാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി സർക്കാറിൽ നിക്ഷിപ്തമായ ശേഷം നഷ്ടപരിഹാര തുക വിതരണം ചെയ്ത് തുടങ്ങിയപ്പോഴാണ് നിശ്ചയിച്ച വിലയുടെ പത്തിെലാന്ന് പോലും ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടത്. വർഷങ്ങളായി താമസിക്കുന്ന ഭൂമി നെൽവയലാണെന്ന് പോലും പലരും തിരിച്ചറിയുന്നത് ഇപ്പോഴാണ്.
വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ.ടി. ജലീൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയെൻറ ശ്രദ്ധയിൽപെടുത്തി കത്ത് നൽകി. 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റ ബാങ്കിനെ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ തരവും വിലയും നിശ്ചയിക്കേണ്ടതെന്ന് തീരുമാനിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്നും മന്ത്രി അറിയിച്ചു. സ്ഥലമെടുപ്പ് വലിയ പ്രതിസന്ധിയിലാവുന്ന സ്ഥിതിയുണ്ടാവുമെന്നും അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.