കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടം
മലപ്പുറം: ആരോഗ്യമന്ത്രി സന്ദർശിച്ച് രണ്ടുമാസം പിന്നിട്ടിട്ടും മലപ്പുറം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഉടമസ്ഥത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭ്യമാക്കാനായില്ല. എൻ.ഒ.സി കിട്ടിയാൽ ഭരണാനുമതിക്ക് നൽകാനാകും. ലഭിക്കാത്തത് കാരണം പദ്ധതി സ്വപ്നമായി തുടരുകയാണ്. 2023 ഒക്ടോബർ 20ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ പി. ഉബൈദുല്ല എം.എൽ.എയും നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്ന് വേഗത്തിൽ പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നാണ്. എന്നാൽ പിന്നീട് കാര്യമായ പുരോഗതിയില്ലാതെ നിൽക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാരിക്രം (പി.എം.ജെ.വി.കെ)യിൽ 9.90 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചിരിക്കുന്നത്. ഭിന്നശേഷി റാമ്പ്, ലിഫ്റ്റ് അടക്കമുള്ള നാല് നില കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ കോട്ടപ്പടിയിൽ മലപ്പുറം ഗവ. കോളജാണ് പ്രവർത്തിച്ചിരുന്നത്. കോളജ് മുണ്ടുപറമ്പിലേക്ക് മാറ്റിയതോടെ കുന്നുമ്മലിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി കോട്ടപ്പടിയിലേക്കും മാറ്റി.
എന്നാൽ ഭൂമിയുടെ ഉടമസ്ഥത വിദ്യാഭ്യാസ വകുപ്പിൽനിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറ്റാതെ നിലനിർത്തുകയായിരുന്നു. ദിനംപ്രതി ഒ.പിയിൽ 1,000ത്തോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. മലപ്പുറം നഗരസഭക്ക് പുറമെ, കോഡൂർ, പൊന്മള, പൂക്കോട്ടൂർ, കൂട്ടിലങ്ങാടി, ഊരകം ഗ്രാമപഞ്ചായത്തുകളിൽ നിന്നും സാധാരണക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. കിടത്തി ചികിത്സ, പ്രസവം എന്നിവക്കും ആശ്രയ കേന്ദ്രമാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഇപ്പോഴും വർധിപ്പിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.