താനൂർ: ബംഗളൂരുവിൽ നടന്ന ബി.സി.എ.ഐ 2025 ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡലുകൾ കൊയ്ത് താനൂരിൽ നിന്നുള്ള താരങ്ങൾ. ദേശീയ പഞ്ചഗുസ്തി താരം കൂടിയായ ഭർത്താവ് ഫവാസിന്റെ ശിക്ഷണത്തിൽ മത്സരത്തിനിറങ്ങിയ താനൂർ ഒഴൂർ സ്വദേശിനി പന്തക്കൽ റംഷീല ശ്രദ്ധേയ നേട്ടമാണ് കാഴ്ച വെച്ചത്. ഇരുകൈ വിഭാഗത്തിലും മത്സരിച്ച റംഷീല ഇടതു കൈ വിഭാഗത്തിൽ സ്വർണവും വലതു കൈ വിഭാഗത്തിൽ വെള്ളിയും നേടി.
മികച്ച പ്രകടനത്തോടെ അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടി. ഭർത്താവും പരിശീലകനുമായ ഫവാസിന്റെ പൂർണ പിന്തുണയോടെയുള്ള കഠിന പരിശ്രമമാണ് സ്വപ്നതുല്യ നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് റംഷീല പറഞ്ഞു. കഴിഞ്ഞ തവണ ജില്ലതല മത്സരത്തിൽ മാത്രം പങ്കെടുത്ത റംഷീല ആദ്യമായി മാറ്റുരച്ച ദേശീയതല മത്സരത്തിൽ തന്നെ മിന്നും വിജയം നേടാനായതിന്റെയും അന്തർദേശീയ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയതിന്റെയും സന്തോഷത്തിലാണ്.
നിരവധി ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയിട്ടുള്ള താനൂരിൽ നിന്നുള്ള പ്രമുഖ പഞ്ചഗുസ്തി താരങ്ങളായ പി. വിനോദും കെ.വി. ജഗദീഷും സ്വർണ മെഡലുകൾ കൂടി നേടിയതോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായുള്ള താനൂർക്കാരുടെ മെഡൽ നേട്ടം നാലിലെത്തി. 70 കി.ഗ്രാം വിഭാഗത്തിലാണ് പി. വിനോദ് മെഡൽ നേടിയത്. കെ.വി. ജഗദീഷിന്റെ മെഡൽ നേട്ടം 90 കി.ഗ്രാം വിഭാഗത്തിലുമാണ്. റംഷീലക്കൊപ്പം ഇവരും അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലിടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.