പ്രതീകാത്മക ചിത്രം

ആഭ്യന്തര കലഹത്തില്‍ മുങ്ങി മുതുവല്ലൂർ; ഭരണത്തുടര്‍ച്ചക്ക് യു.ഡി.എഫ്; മാറ്റമുറപ്പിക്കാന്‍ എല്‍.ഡി.എഫ്

മുതുവല്ലൂര്‍: ഇത്തവണത്തെ ജനവിധി മുതുവല്ലൂരില്‍ നിർണായകമാകുകയാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും. ഭരണത്തുടര്‍ച്ച അവകാശപ്പെട്ട് യു.ഡി.എഫും മാറ്റത്തിനായി എല്‍.ഡി.എഫും കളംനിറയുമ്പോളും മുന്നണികള്‍ക്കുള്ളിലെ ആഭ്യന്തര കലഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രകടമാണ്. എല്‍.ഡി.എഫ് മുന്നണിയിലിടം കിട്ടാതെ സി.പി.ഐ തനിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നേരിടുന്നത്.

മറുപക്ഷത്ത് മുഴുവന്‍ വാര്‍ഡുകളിലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും. യു.ഡി.എഫിലാകട്ടെ, സീറ്റ് വീതംവെക്കലില്‍ തുടങ്ങിയ അസ്വാരസ്യങ്ങളുടെ ബാക്കിപത്രമായി മൂന്ന് വാര്‍ഡുകളില്‍ വിമതർ മത്സര രംഗത്തുണ്ട്. യു.ഡി.എഫ് വിമതര്‍ക്ക് പിന്തുണ നല്‍കി അനുകൂല സാഹചര്യത്തിന് എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ഇടതുമുന്നണിയിലെ ഭിന്നത അനുകൂലമാക്കാന്‍ യു.ഡി.എഫിലും ശ്രമം സജീവമാണ്.

2005ല്‍ ചീക്കോട് ഗ്രാമ പഞ്ചായത്ത് വിഭജിച്ച് രൂപവത്കൃതമായ ജില്ലയിലെ പുതുതലമുറ ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് മുതുവല്ലൂര്‍. ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ മുസ്‍ലിം ലീഗും കോണ്‍ഗ്രസുമുള്‍പ്പെട്ട യു.ഡി.എഫ് ഭരണസമിതി അധികാരത്തിലെത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. ആദ്യ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് നേടിയത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ഈ ലീഡ് ഉയര്‍ത്താനായില്ല. നിലവില്‍ 15 വാര്‍ഡുകളുള്ള ഗ്രാമ പഞ്ചായത്തില്‍ 11 വാര്‍ഡുകളില്‍ യു.ഡി.എഫും നാല് വാര്‍ഡുകളില്‍ എല്‍.ഡി.എഫുമാണ്.

ഇത്തവണ വാര്‍ഡുകളുടെ എണ്ണം 15ല്‍ നിന്ന് 18 ആയി ഉയര്‍ന്നപ്പോള്‍ യു.ഡി.എഫില്‍ 12 സീറ്റുകളില്‍ മുസ്‍ലിം ലീഗും ആറ് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ഇതില്‍ യു.ഡി.എഫിലെ ഉള്‍പ്പോരിന്റെ പ്രതിഫലനമായി വാര്‍ഡ് ഒന്ന് പരതക്കാടും വാര്‍ഡ് രണ്ട് മുതുപറമ്പിലും വാര്‍ഡ് ഏഴ് വിളയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരും രംഗത്തുണ്ട്. പരതക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുസ്‍ലിം ലീഗിലെ കെ. നവാസിനെതിരെ ലീഗിലെതന്നെ കെ. മുഹമ്മദ് ഷരീഫാണ് മത്സരിക്കുന്നത്. ഇവിടെ ഷരീഫിനാണ് എല്‍.ഡി.എഫിന്റെ പിന്തുണ.

സമാനമായ സ്ഥിതിയാണ് മുതുപറമ്പിലും. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്‍ലിം ലീഗിലെ ടി. മുഹമ്മദലി മാസ്റ്റര്‍ക്കെതിരെ ലീഗിലെ തന്നെ പി. ഹാരിസ് മത്സര രംഗത്ത് തുടരുകയാണ്. ഇടതു മുന്നണിയുടെ പിന്തുണയോടെയാണ് ഹാരിസ് ജനവിധി തേടുന്നത്. നേരത്തെ എല്‍.ഡി.എഫ് പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ജലീല്‍ മുന്നണിയുടെ പിന്തുണയില്ലാതെയും മത്സരിക്കുന്നു. വിളയില്‍ മറ്റൊരു മത്സരചിത്രമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. ബഷീര്‍ മാസ്റ്റര്‍ക്കെതിരെ യു.ഡി.എഫ് ഘടക കക്ഷിയായ കെ.ഡി.പിയിലെ അഡ്വ. റഊഫാണ് വിമതനായി രംഗത്തുള്ളത്. എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നണിയില്‍ സി.പി.എം നേതൃത്വം അയിത്തം കല്‍പിച്ചതോടെ ഒറ്റപ്പെട്ട സി.പി.ഐ തനിച്ച് ഒരു വാര്‍ഡില്‍ ജനവിധി തേടുന്നുണ്ട്. വാര്‍ഡ് 16 മൂച്ചിക്കലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.കെ. ഷംന ഹാദിയയാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി റഹ്‌മത്ത് ബീഗവും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജസിയ മുനീറും എന്‍.ഡി.എ സ്ഥാനാർഥി സി.പി. രമണിയും ജനവിധി തേടുന്നുണ്ട്. 18 വാര്‍ഡുകളിലും സി.പി.എം സ്ഥാനാര്‍ഥികളും സ്വതന്ത്രരുമാണ് എല്‍.ഡി.എഫിനായി മത്സരരംഗത്തുള്ളത്. ഏഴ് വാര്‍ഡുകളില്‍ എന്‍.ഡി.എയും മത്സരിക്കുന്നു.

കഴിഞ്ഞ ഭരണ സമിതികളെല്ലാം കാഴ്ചവെച്ച വികസന നേട്ടങ്ങള്‍ അനുകൂല വോട്ടുകളാകുമെന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ മേഖല, റോഡുകള്‍ തുടങ്ങി സര്‍വ മേഖലകളിലും യു.ഡി.എഫ് ഭരണസമിതികള്‍ നടപ്പാക്കിയ വികസന നേട്ടങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും ജനം തിരിച്ചറിയുന്നുണ്ടെന്നും ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ സ്ഥാനാര്‍ഥികള്‍ വിജയം നേടുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അബ്ദുല്‍ റഷീദ് പറഞ്ഞു.

എന്നാല്‍, മുതുവല്ലൂരിലെ വികസന മുരടിപ്പിനുളള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുന്നു. എൽ.ഡി.എഫ് സർക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമാണ്. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാനും സ്വന്തമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാവര്‍ത്തികമാക്കാനും യു.ഡി.എഫിനായിട്ടില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഷക്കീര്‍ പറഞ്ഞു.

കക്ഷി നില

ആകെ - 15 വാർഡ്

യു.ഡി.എഫ് - 11

മുസ്‍ലിം ലീഗ് - 10

കോണ്‍ഗ്രസ് - 1

എല്‍.ഡി.എഫ് - 4

സി.പി.എം - 3

സ്വതന്ത്രന്‍ - 1

Tags:    
News Summary - Muthuvallur plunged into internal clash; UDF to continue in power; LDF to ensure change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.