അരീക്കോട്: അരീക്കോട്, ഊർങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂർക്കനാട് സ്കൂൾ കടവ് നടപ്പാലത്തിന്റെ പുനർനിർമാണം വൈകുന്നു. 2018, 2019 വർഷത്തെ ചാലിയാറിലുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിലാണ് പാലം ഒലിച്ചു പോയത്. ഇതോടെ പാലത്തെ പ്രതിദിനം ആശ്രയിച്ചിരുന്ന നിരവധി വിദ്യാർഥികളും പ്രദേശവാസികളും ദുരിതത്തിലായി. പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾെപ്പടെ അധികൃതർക്ക് വിദ്യാർഥികളും നാട്ടുകാരും പരാതി നൽകിയെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
2009 നവംബർ നാലിനാണ് മൂർക്കനാട് സ്കൂൾ കടവിൽ നാടിനെ നടുക്കിയ തോണി ദുരന്തമുണ്ടായത്. മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിലെ എട്ടു വിദ്യാർഥികളുടെ ജീവൻ നഷ്ടമായി. ദുരന്തത്തിന് പിന്നാലെ അന്നത്തെ സർക്കാർ ചാലിയാറിന് കുറുകെ നടപ്പാലം നിർമിച്ചു. പാലം വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഏറെ ഉപകാരപ്രദമായിരുന്നു. എന്നാൽ പാലം പ്രളയത്തിൽ ഒലിച്ചു പോയതോടെ നാട്ടുകാർ വീണ്ടും ദുരിതത്തിലായി. സംഭവത്തിൽ നിരവധി തവണ ‘മാധ്യമ’വും വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലം പുനർനിർമാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പി.കെ. ബഷീർ എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ നടപടികൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല. പാലം ബന്ധിപ്പിച്ചിരുന്ന രണ്ട് നാട്ടുകാരും അഞ്ചുമിനിറ്റ് കൊണ്ട് എത്തേണ്ട അരീക്കോട്ടേക്കും മൂർക്കനാട്ടേക്കും എത്താൻ ആറ് കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം.
നിലവിൽ പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പാലത്തിന്റെ അരീക്കോട് ഭാഗത്ത് സാമൂഹികവിരുദ്ധരുടെ താവളമായിട്ടുണ്ടെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇനിയും വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാതെ പാലം പുനർനിർമാണം വേഗത്തിൽ ആരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അരീക്കോട്: നാടിനെ നടുക്കിയ മൂർക്കനാട് തോണി ദുരന്തത്തിന് ശനിയാഴ്ച 14 വർഷം പൂർത്തിയാകുന്നു. 2009 നവംബർ നാലിന് വൈകീട്ട് സ്കൂൾ വിട്ട് വിദ്യാർഥികൾ മൂർക്കനാട്ടുനിന്ന് അരീക്കോട്ടേക്ക് ചാലിയാറിലൂടെ സഞ്ചരിച്ച തോണി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തിൽ മൂർക്കനാട് സുബ്ബുലസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിനി ഉൾപ്പെടെ എട്ടുപേർക്ക് ജീവൻ നഷ്ടമായി. നിരവധി വിദ്യാർഥികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അന്ന് നാട്ടുകാരുടെയും പൊലീസ്, അഗ്നിരക്ഷസേന ഉൾപ്പെടെ സേനാവിഭാഗങ്ങളുടെയും കൃത്യമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
വിദ്യാർഥികളുടെ സ്മരണയിൽ നിർമിച്ച മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം പ്രളയത്തിൽ ഒലിച്ചുപോയിട്ട് അഞ്ചുവർഷം പിന്നിടുന്നു. എല്ലാവർഷവും ഇവരുടെ സ്മരണയിൽ സ്കൂളിൽ വിവിധ പരിപാടികളും നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.