മലപ്പുറം: ഉദ്ഘാടനത്തിന് ഒരുങ്ങി നഗരസഭയുടെ ജൈവ വൈവിധ്യ പാർക്ക്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നിർദേശപ്രകാരം 2022 -23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് നിർമാണം. മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസിൽ നെച്ചിക്കുറ്റിയിൽ നിർമാണം പുരോഗമിക്കുന്ന ഷെൽട്ടർ ഹോമിനടുത്താണ് പാർക്ക് ഒരുങ്ങുന്നത്. പാർക്കിൽ ഹെർബൽ ഗാർഡൻ, ബട്ടർഫ്ലൈ പാർക്ക്, കുട്ടികൾക്കുള്ള പഠന പാർക്ക് എന്നിവയുണ്ട്. വിദ്യാർഥികൾക്ക് അറിവ് പകരുന്ന തരത്തിലാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പഴശ്ശിരാജ ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയാണ് നിർമാണം പൂർത്തീകരിച്ചത്.
കടലുണ്ടിപുഴയുടെ തീരത്ത് പ്രത്യേകം വേലി തിരിച്ചാണ് പാർക്ക് സജ്ജമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം നവംബർ പകുതിയോടെ നടക്കും. കൂടാതെ നെച്ചിക്കുറ്റി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അമൃത് പദ്ധതിയിലുൾപ്പെടുത്തി 75 ലക്ഷം ചെലവിൽ പാർക്കും സ്ഥലത്ത് വരുന്നുണ്ട്. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിലാകും പാർക്ക് നിർമിക്കുക. കടലുണ്ടി പുഴയോട് ചേർന്ന് നടപ്പാത, ഇരിപ്പിടം, കുട്ടികൾക്കായി മിനി പാർക്ക് എന്നിവ നടപ്പാക്കും. പ്രദേശത്തെ ആളുകൾ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റുകയാണ് നഗരസഭ ലക്ഷ്യമെന്ന് അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. നഗരസഭയുടെ വയോജനങ്ങൾക്കുള്ള ഷെൽട്ടർ ഹോമും ഷീ സ്റ്റേ വനിത ഹോസ്റ്റലും സ്ഥലത്ത് നിർമാണം അന്തിമ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.