മലപ്പുറം: മുണ്ടുപറമ്പ് വാതക ശ്മശാനം അറ്റകുറ്റപണി നടത്താൻ എസ്റ്റിമേറ്റ് തയാറാക്കാൻ തീരുമാനം. നഗരസഭ കൗൺസിൽ യോഗം ചുമതലപ്പെടുത്തിയ പ്രത്യേക സംഘം കേന്ദ്രം സന്ദർശിച്ചതോടെയാണ് എസ്റ്റിമേറ്റ് എടുക്കാൻ തീരുമാനിച്ചത്. ഇതിനായി വിദഗ്ധ ഏജൻസിയെ നഗരസഭ ചുമതലപ്പെടുത്തും. തിങ്കളാഴ്ച എസ്റ്റിമേറ്റ് തയാറാക്കാൻ ഏജൻസി കേന്ദ്രത്തിലെത്തും. ഈ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ രണ്ടാഴ്ചക്കം കേന്ദ്രത്തിന്റെ അറ്റകുറ്റപണി നടത്തി പ്രവർത്തനയോഗ്യമാക്കാനാണ് തീരുമാനം. ശനിയാഴ്ച രാവിലെ 11 ഓടെയാണ് കൗൺസിൽ യോഗം ചുമതലപ്പെടുത്തിയ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. വാതക ശ്മശാനത്തിന്റെ പുകകുഴൽ, കത്തിക്കുന്ന ബർണർ, മൃതദേഹം കിടത്തുന്ന ബെഡ് എന്നിവ എന്നിവ തകരാറിലാണെന്ന് സംഘം സന്ദർശനത്തിൽ കണ്ടെത്തി. ഇവ വേഗം അറ്റകുറ്റ പണി നടത്തിയാൽ മാത്രമേ കേന്ദ്രം ഉപയോഗപ്പെടുത്താൻ സാധിക്കൂവെന്ന് സംഘം കണ്ടെത്തി. തകരാർ കാരണം അഞ്ച് മാസത്തോളമായി കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. വിഷയം ജനങ്ങൾക്കിടയിൽ വലിയ പരാതിക്കും ഇടവരുത്തിയിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച പ്രത്യേക സംഘത്തിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങൽ, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിൽ സുഹൈൽ ഇടവഴിക്കൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ, മുനിസിപ്പൽ എഞ്ചിനീയർ എന്നിവരുണ്ടായിരുന്നു. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. നഗരസഭയുടെ വിവിധ വകുപ്പുകളുടെ സാങ്കേതിക തടസങ്ങളായിരുന്നു അറ്റകുറ്റ പണി നീളാൻ കാരണമായത്. സെപ്റ്റംബറിലാണ് ശ്മശാനത്തിലെ ദഹിപ്പിക്കുന്ന യന്ത്രത്തിന്റെയും പുകക്കുഴലിന്റെയും തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പ്രാഥമിക റിപ്പോർട്ടും നവംബറിൽ തുടർ റിപ്പോർട്ടും ഒരുക്കി. എന്നാൽ മറ്റ് നടപടികൾക്കായി നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറാതെ വന്നതോടെയാണ് അറ്റകുറ്റ പണി നിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.