അഗ്നിരക്ഷ സേന ഓഫിസുകളിലെ ഭരണവിഭാഗം തസ്തിക നിർത്തലാക്കാൻ നീക്കം

മലപ്പുറം: മലബാറിലെ അഗ്നിരക്ഷ സേന ഓഫിസുകളിലെ ഭരണവിഭാഗം തസ്തികകൾ നിർത്തലാക്കാൻ നീക്കം. കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ ജില്ല ഫയർ ഓഫിസുകളിലെ ഓരോന്നും കോഴിക്കോട് റീജനൽ ഫയർ ഓഫിസിലെ മൂന്നും ഉൾപ്പെടെ ആറ് ക്ലർക്ക് തസ്തികയാണ് നിർത്തലാക്കുന്നത്. റീജനൽ ഓഫിസിലെ മൂന്ന് ക്ലർക്ക് തസ്തിക ഇല്ലാതാവുന്നതോടെ ഇവിടത്തെ സൂപ്പർവൈസറി തസ്തികയായ ജൂനിയർ സൂപ്രണ്ട് കസേരയും ഇല്ലാതാവുമെന്നാണ് വിവരം.

തസ്തികകൾ നിർത്തലാക്കുമ്പോൾ ഈ ഉദ്യോഗസ്ഥരെ തെക്കൻ ജില്ലകളിലേക്ക് മാറ്റുകയാണ് ചെയ്യുക. ജോലിഭാരം സംബന്ധിച്ച് എറണാകുളം റീജനൽ ഫയർ ഓഫിസർ നൽകിയ അപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഫയർ ആൻഡ് റെസ്ക്യൂ സർവിസ് ഡയറക്ടർ ജനറൽ നേരത്തേ സീനിയർ സൂപ്രണ്ട്, സീനിയർ ക്ലർക്ക് എന്നിവരങ്ങിയ സമിതിയെ ഫെബ്രുവരിയിൽ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിലാണ് തസ്തികകൾ പുനർവിന്യസിക്കാനുള്ള ശിപാർശയുള്ളത്. കോഴിക്കോട് റീജനൽ ഓഫിസിലെ ക്ലർക്കുമാരെ പിൻവലിക്കാൻ നേരത്തേ നീക്കം നടന്നിരുന്നെങ്കിലും ഓഫിസ് പ്രവർത്തനംതന്നെ താളംതെറ്റുമെന്ന് കാണിച്ച് ഫയർ ഓഫിസർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് മരവിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടുമാത്രം ഒമ്പത് അഗ്നിരക്ഷാസേന സ്റ്റേഷനിലായി 361 ജീവനക്കാരാണുള്ളത്.

ഇവരുടെ ജി.പി.എഫ്, അവധി അപേക്ഷ, ശമ്പളവിതരണം, മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായത്ര ഓഫിസ് ജീവനക്കാരില്ലെന്ന പരാതി നിലനിൽക്കെയാണ് ഉള്ള ആളുകളെകൂടി പിൻവലിക്കുന്നതെന്നാണ് ആക്ഷേപം. ഹോം ഗാർഡുമാരുടെ സേവന വേതന ഫയലുകളും ഇതേ ക്ലർക്കുമാരാണ് കൈകാര്യം ചെയ്യേണ്ടത്. സിവിൽ ഡിഫൻസ് വിഭാഗത്തിന്‍റെ തെരഞ്ഞെടുപ്പ്, പരിശീലനം, അനുബന്ധ ജോലികൾ, ആശുപത്രികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ഫയലുകൾ, ബഹുനില കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ക്വാറി, ക്രഷർ എന്നിവിടങ്ങളിലേക്കുള്ള സാക്ഷ്യപത്രങ്ങൾ, എൽ.പി.ജി, പെട്രോളിയം വിതരണ കേന്ദ്രങ്ങളിലേക്കുള്ള നിരാക്ഷേപപത്രം, പടക്കസംഭരണം, വിൽപന സർട്ടിഫിക്കറ്റുകൾ തയാറാക്കൽ എന്നിവയെല്ലാം ബന്ധപ്പെട്ടവരുടെ മേൽനോട്ടത്തിൽ തയാറാക്കുന്നതും ക്ലർക്കുമാരാണ്. സേവന മേഖലയായതിനാൽ ബാധ്യതകൾ പരിഗണിക്കാതെ അഗ്നിരക്ഷാസേനയിൽ ആവശ്യത്തിന് ഭരണവിഭാഗം തസ്തിക സൃഷ്ടിക്കണമെന്ന 2013ലെ ഹൈകോടതി വിധിയുടെ ലംഘനംകൂടിയാണ് തസ്തികകൾതന്നെ ഇല്ലാതാക്കാനുള്ള നീക്കമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. 

Tags:    
News Summary - Move to terminate administrative posts in fire brigade offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.