തേഞ്ഞിപ്പലം: യുനസ്കോ അംഗീകാരവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും മറ്റ് സൗകര്യങ്ങളുമുണ്ട്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 11,403 കുട്ടികള്‍ക്ക് സേവനം നല്കുന്ന 32 ജീവനക്കാര്‍ക്ക് പക്ഷേ, ഏഴ് മാസമായി ശമ്പളമില്ല. സാമൂഹികനീതി വകുപ്പും കാലിക്കറ്റ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റിഹാബിലിറ്റേഷന്‍ പ്രോജക്ടിലെ ജീവനക്കാര്‍ക്കാണ് ഈ ദുരവസ്ഥ.
സാമൂഹികനീതി വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ഡോ. ആര്. ബിന്ദു അടുത്തിടെ സര്‍വകലാശാല സന്ദര്‍ശിച്ചപ്പോഴും നാക് സംഘം സന്ദര്‍ശനത്തിനെത്തിയപ്പോഴും കാമ്പസിലെ സി.ഡി.എം.ആര്.പി പ്രോജക്ടിനെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു.
നാക് എ പ്ലസ് ഗ്രേഡ് ലഭിക്കാനുള്ള പ്രധാന നേട്ടങ്ങളിലൊന്നായി സര്‍വകലാശാല ഉയര്‍ത്തിക്കാട്ടിയ സി.ഡി.എം.ആര്.പി പ്രോജക്ട് വിപുലീകരിക്കാൻ വിശദ പദ്ധതി റിപ്പോർട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്. എന്നാല്‍, ഇതിനിടയിലൊന്നും പ്രോജക്ട് ജീവനക്കാര്‍ ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത് ആരും കണ്ടില്ല.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള ജീവനക്കാരില്‍ മിക്കവരും കുടുംബസമേതം സര്‍വകലാശാല കാമ്പസിനടുത്ത് വാടകക്ക് താമസിക്കുകയാണ്. ജീവിതച്ചെലവും വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസാവശ്യത്തിനുള്ള തുകയും കണ്ടെത്താന്‍ പാടുപെടുകയാണിവര്‍.
പലരും കടം വാങ്ങിയും മറ്റുമാണ് മുന്നോട്ടുപോകുന്നത്. ഓണം, വിഷു, പെരുന്നാള്‍, ദീപാവലി തുടങ്ങിയ വിശേഷ സന്ദര്‍ഭങ്ങളിലെല്ലാം ശമ്പളമില്ലാതെ കരാറടിസ്ഥാനത്തില്‍ പണിയെടുക്കുകയായിരുന്നു ഇവര്‍.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്ക് ഏറെക്കാലമായി താങ്ങും തണലുമാണ് ഈ ജീവനക്കാർ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യൂപേഷണല്‍ തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഹ്രൈഡോതെറപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പെഷല്‍ എജുക്കേറ്റര്‍ എന്നിവരുടെ സേവനം പ്രോജക്ടിലൂടെ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. കണ്ണൂരില്‍ ആറ്, കോഴിക്കോട് ഒന്ന്, മലപ്പുറം നാല് എന്നിങ്ങനെയാണ് പ്രോഗ്രാം ക്ലിനിക്കുകള്‍. സര്‍വകലാശാല സൈക്കോളജി ബ്ലോക്കിലാണ് സി.ഡി.എം.ആര്.പി ആസ്ഥാനം. ഇവിടെത്തെ ക്ലിനിക്കില്‍ പാലക്കാട്, തൃശൂര്‍ ജില്ല അതിര്‍ത്തികളിൽ നിന്നുള്ളവരും എത്തുന്നുണ്ട്.
നിലവില്‍ ആറായിരത്തോളം കുട്ടികളാണ് സര്‍വകലാശാലയിലെ ക്ലിനിക്കിനെ മാത്രം ആശ്രയിക്കുന്നത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍, പഠനവൈകല്യമുള്ളവര്‍, ചലനശേഷി ബുദ്ധിമുട്ടുള്ളവര്‍, സംസാരവൈകല്യമുള്ളവര്‍, എ.ഡി.എച്ച്.ഡി (അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും സൗജന്യ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.